മലയാള സര്‍വകലാശാല സ്ഥലമെടുപ്പ് നിയമക്കുരുക്കില്‍

തിരൂര്‍: മലയാള സര്‍വകലാശാലക്ക് തലക്കാട് പഞ്ചായത്തിലെ മാങ്ങാട്ടിരിയില്‍ കണ്ടത്തെിയ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നിയമക്കുരുക്കില്‍. മാങ്ങാട്ടിരിയിലേതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്ഥലം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി തിരൂരിലെ ഒരു ഭൂവുടമ സര്‍ക്കാറിനെ സമീപിച്ചതോടെയാണ് ഭൂമിയേറ്റെടുക്കല്‍ ത്രിശങ്കുവിലായത്. പുതിയ സ്ഥലം നഗരസഭാ പ്രദേശത്താണെന്നതും വില കുറവാണെന്നതും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മാങ്ങാട്ടിരിയിലെ ഭൂമിയേറ്റെടുക്കല്‍ നടപടി മരവിപ്പിച്ചിരിക്കുകയാണ്. മാങ്ങാട്ടിരി-പരിയാപുരം റോഡില്‍ സെന്‍റിന് 1.70 ലക്ഷം രൂപ നിരക്കില്‍ 17 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതിനിടെയാണ് പുതിയ പ്രതിസന്ധി. കുടിയൊഴിപ്പിക്കലുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്ലാതെ ഭൂമി ലഭ്യമാകുമെന്നതായിരുന്നു അധികൃതരുടെ ആശ്വാസം. സര്‍ക്കാര്‍ മലയാള സര്‍വകലാശാലയോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ സര്‍വകലാശാലയും പച്ചക്കൊടി കാണിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകാരവും ഭൂമിയേറ്റെടുക്കാനുള്ള പണവും കാത്തിരിക്കുന്നതിനിടെയാണ് തിരൂരിലെ ഭൂവുടമയുടെ രംഗപ്രവേശം. നഗരസഭാ പ്രദേശത്ത് തന്‍െറ കൈവശം 20 ഏക്കര്‍ ഭൂമിയുണ്ടെന്നും സെന്‍റിന് 1.20 ലക്ഷം രൂപ നിരക്കില്‍ നല്‍കാന്‍ തയാറാണെന്നുമാണ് ഉടമ സര്‍ക്കാറിനെ അറിയിച്ചത്. തിരൂരിലെ ഭൂമിക്കും കുടിയൊഴിപ്പിക്കലുള്‍പ്പെടെയുള്ള തടസ്സങ്ങളില്ല. പറമ്പായതിനാല്‍ ഭൂമി നികത്തേണ്ട ആവശ്യവുമില്ല. മാങ്ങാട്ടിരിയിലേത് പുഴയോട് ചേര്‍ന്നുള്ള ചതുപ്പ് ഭൂമിയാണ്. ഇവിടെ നിര്‍മാണം നടത്താന്‍ ഭൂമി തരംമാറ്റേണ്ടതും സര്‍ക്കാറിന്‍െറ പ്രത്യേക അനുമതി തേടേണ്ടതുമുണ്ട്. അതേസമയം, മാങ്ങാട്ടിരിയിലെ ഭൂമിയാണ് കൂടുതല്‍ അനുയോജ്യമെന്ന് സര്‍വകലാശാല സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ പരിശോധിച്ചാണ് ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചതെന്നും ഭൂമി തെരഞ്ഞെടുക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.