മങ്കടയില്‍ വീണ്ടും പുലി ഭീതി

മങ്കട: മങ്കട പരിസരങ്ങളില്‍ വീണ്ടും പുലിയുണ്ടെന്ന് അഭ്യൂഹം. കഴിഞ്ഞയാഴ്ചയില്‍ കടന്നമണ്ണയില്‍ കുരങ്ങന്‍ ചോല പ്രദേശത്ത് വളര്‍ത്തുനായയെ കാണാതായ സംഭവത്തോടെയാണ് പുലിയുണ്ടെന്ന സംശയം നാട്ടുകാര്‍ ഉറപ്പിക്കുന്നത്. കടന്നമണ്ണ സ്വദേശി എന്‍.കെ അഷ്റഫ് കുരങ്ങന്‍ ചോല പ്രദേശത്ത് ആടുകളെ മേച്ചുകൊണ്ടിരിക്കെയാണ് നായയെ കാണാതായത്. ആടുകള്‍ക്ക് കാവലിനായി നിര്‍ത്തുന്ന പ്രത്യേകം പരിശീലനം ലഭിച്ച നായ പരിസരത്ത് ചുറ്റി നടക്കുകയായിരുന്നു. ഇതിനിടെയാണ് കരച്ചില്‍ കേട്ട് അന്വേഷിച്ച് ചെന്നത്. നായയെ കാട്ടിലൂടെ വലിച്ചിഴച്ച അടയാളവും പുലിയുടെ കാല്‍ പാടുകളും കണ്ടു. തൊട്ടടുത്ത പന്തലൂര്‍ മലയില്‍നിന്ന് ഇറങ്ങിവന്നതാവാമെന്ന് അഷറഫ് പറയുന്നു. പന്തലൂരിലും പുലിയുടെ കാലടികള്‍ കണ്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒരുമാസം മുമ്പ് ഇതേ സഥലത്ത് കാട്ടില്‍ മേയാന്‍ വിട്ട ആടിനെ കാണാതായിരുന്നു. എന്നാല്‍, ഇത് കുറുക്കന്‍ പിടിച്ചതാണെന്ന അഭ്യൂഹത്തിലായിരുന്നു നാട്ടുകാര്‍. ഇതിനിടെ രണ്ടാഴ്ച മുമ്പ് പിലാക്കല്‍ കാടിനോട് ചേര്‍ന്ന പ്രദേശത്ത് എട്ട് ആടുകളെ കാണാതായിരുന്നു. ഇവയുടെ ശരീര ഭാഗങ്ങള്‍ കണ്ടത്തെിയിരുന്നെങ്കിലും പ്രദേശത്ത് തെരുവുനായ ശല്യമുള്ളതിനാല്‍ നായ പിടിച്ചതാണെന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍, കഴിഞ്ഞ വേനലില്‍ മുള്ള്യാകുര്‍ശ്ശിയില്‍നിന്ന് പുലിയെ കെണിയില്‍ പിടിക്കുന്നതിന് മുമ്പുതന്നെ കടന്നമണ്ണ പ്രദേശങ്ങളില്‍ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. പന്തലൂര്‍ മലയോട് ചേര്‍ന്നുകിടക്കുന്ന ചേരിയം മലയുടെ ഭാഗമാണ് ഈ പ്രദേശം. മുള്ള്യാകുര്‍ശ്ശിയില്‍നിന്ന് പുലിയെ പിടിച്ചതിനു പിറകെ പ്രദേശത്ത് ഇനിയും പുലിയുണ്ടാകാം എന്ന വനം വകുപ്പിന്‍െറ മുന്നറിയിപ്പും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.