സ്വകാര്യ ആശുപത്രികളില്‍ മോഷണം പതിവാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി മുക്ക് ശ്യാമള ലൈനില്‍ കരിമ്പനക്കല്‍ രാജേഷ് (27), കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്ര പൈങ്ങോട്ടൂര്‍ കൈതക്കകത്ത് മുജീബ് റഹ്മാന്‍ എന്ന ജാംജൂം മുജീബ് (27) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി പരിസരത്ത് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, സി.ഐ സാജു കെ. എബ്രഹാം, എസ്.ഐ ജോബിതോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള ഇരുവരും ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ഏപ്രിലില്‍ കോഴിക്കോട് സ്വദേശിയായ ആഷിക്കിനെയും പങ്കാളിയാക്കി ചേലേമ്പ്ര ഇടിമൂഴിക്കലില്‍ ‘ജാംജൂം’ പേരില്‍ സ്റ്റുഡിയോ ആരംഭിച്ചു. വിഡിയോഗ്രാഫര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് തൂക്കിയാണ് മോഷണം തുടര്‍ന്നത്. രോഗിയുടെ അവസ്ഥ, പരിചരിക്കാന്‍ നില്‍ക്കുന്നവരുടെ എണ്ണം, സ്ഥിരം സന്ദര്‍ശകരുണ്ടോ തുടങ്ങിയവ നിരീക്ഷിക്കും. തുടര്‍ന്ന് വ്യാജ സിംകാര്‍ഡുപയോഗിച്ച് ആശുപത്രി റിസപ്ഷനിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് മോഷണം നടത്താനുദ്ദേശിച്ച റൂമിലേക്ക് കണക്ട് ചെയ്യാനാവശ്യപ്പെടും. ഇതേസമയം ഒരാള്‍ റൂമിന് സമീപത്തുതന്നെ നില്‍ക്കുന്നുണ്ടാകും. റൂമിലേക്ക് ഫോണ്‍ കണക്ട് ചെയ്താലുടന്‍ രോഗിക്കൊപ്പം നില്‍ക്കുന്നയാളെ കാഷ്വാലിറ്റിയിലേക്കോ നഴ്സിങ് റൂമിലേക്കോ വിളിപ്പിക്കും. ഇവര്‍ പുറത്തിറങ്ങുന്നതോടെ മുറിക്കകത്തുകയറി സാധനങ്ങള്‍ മോഷ്ടിക്കും. ഒന്നരമാസത്തിനുള്ളില്‍ പെരിന്തല്‍മണ്ണയിലെ പ്രമുഖ ആശുപത്രികളില്‍ നിന്നായി ആറ് പേരെ ഫോണില്‍ വിളിച്ച് പുറത്തിറക്കി കളവ് നടത്തിയതായും നാലുമാസത്തിനുള്ളില്‍ വിവിധ ജില്ലകളിലെ ആശുപത്രികളില്‍ സമാനരീതിയില്‍ കളവ് നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. പെരിന്തല്‍മണ്ണയിലെ ആശുപത്രികളില്‍ വരുന്ന ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് പിടികൂടിയത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ആശുപത്രികളിലാണ് മോഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.