അകക്കണ്ണില്‍ അവര്‍ തൊട്ടറിഞ്ഞു, പൂക്കളുടെ സൗന്ദര്യം

തേഞ്ഞിപ്പലം: കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും കായ്കളും തൊട്ടും മണത്തും വിവരണങ്ങളിലൂടെയും ഇനിയറിയാം. ഇതിനായുള്ള ‘ടച്ച് ആന്‍ഡ് ഫീല്‍ ഗാര്‍ഡന്‍ ഫോര്‍ വിഷ്വലി ഇംപയേഡ്’ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കണ്ണ് മൂടിയാണ് സ്പീക്കറും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തത്. നാരകം, ഞാവല്‍, ചിറ്റരത്ത, വയമ്പ്, ബിരിയാണിച്ചെടി, ചങ്ങലംപരണ്ട, ഏലം, ആടലോടകം, മധുരച്ചെടി, കോളച്ചെടി, ബ്രഹ്മി, കൃഷ്ണതുളസി തുടങ്ങി ശേഖരത്തില്‍ ഉള്‍പ്പെടുന്ന ചെടികളെല്ലാം കാഴ്ചയില്ലാത്തവര്‍ക്ക് ഏറെ കൗതുകമായി. കോഴിക്കോട് കൊളത്തറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കാഴ്ചയില്ലാത്ത വിദ്യാര്‍ഥികളും സര്‍വകലാശാലയിലെ കാഴ്ചയില്ലാത്ത ജീവനക്കാരും ചടങ്ങിന് സാക്ഷിയായി. പരിസ്ഥിതി ഓഡിറ്റ്, ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ പ്രകാശനവും സ്പീക്കര്‍ നിര്‍വഹിച്ചു. കാര്‍പോളജി വിഭാഗം ഉദ്ഘാടനം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. കള്ളിച്ചെടി ശേഖരം ഉള്‍പ്പെടുത്തി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരുക്കിയ തോട്ടത്തിന്‍െറ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. പ്രഫ. എം. സാബു, എന്‍ജിനീയര്‍ കെ.കെ. അബ്ദുല്‍ നാസിര്‍, സിന്‍ഡിക്കേറ്റംഗം ഡോ. പി. ശിവദാസന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, പ്രഫ. ജോണ്‍ ഇ. തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.