സ്കൂള്‍ പരിസരത്തെ കടയില്‍നിന്ന് പേന സിഗരറ്റടക്കം ലഹരിവസ്തുക്കള്‍ പിടികൂടി

പെരിന്തല്‍മണ്ണ: സ്കൂള്‍ പരിസരത്തെ കടയില്‍നിന്ന് വിദേശനിര്‍മിത സിഗരറ്റുള്‍പ്പെടെ ലഹരിവസ്തുക്കളും പടക്കങ്ങളും എക്സൈസ് അധികൃതര്‍ പിടികൂടി. പരിശോധനക്കായി കടതുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഉടമ തയാറാകാത്തതിനാല്‍ എക്സൈസ് സംഘം കടയുടെ വാതില്‍ പൊളിച്ചാണ് അകത്ത് കയറിയത്. അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്‍റ് മേരീസ് സ്കൂളിന് സമീപത്തെ കടയില്‍ നിന്നാണ് ലഹരിവസ്തുക്കളും പടക്കങ്ങളും പിടികൂടിയത്. ചോലക്കുണ്ട് കൊയപ്പതൊടി ഇസ്മായിലിന്‍െറതാണ് കട. പേനയുടെ മാതൃകയിലുള്ള 65 വിദേശനിര്‍മിത സിഗരറ്റുകള്‍, 128 വിദേശ സിഗരറ്റ് പാക്കറ്റുകള്‍, 415 ഇന്ത്യന്‍ നിര്‍മിത സിഗരറ്റ് പാക്കറ്റുകള്‍, അരച്ചാക്ക് ബീഡി, മൂക്കില്‍പ്പൊടി, പടക്കങ്ങള്‍ എന്നിവ പിടിച്ചെടുത്തതില്‍പ്പെടും. സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി എക്സൈസ് കമീഷണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാത്രി ഇന്‍സ്പെക്ടര്‍ ഉണികൃഷ്ണന്‍ നമ്പൂതിരി, പ്രിവന്‍റിവ് ഓഫിസര്‍ പി.എസ്. പ്രസാദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശിവപ്രകാശ്, രാമകൃഷ്ണന്‍, പി. ഷിബു, ബെഞ്ചമിന്‍, അനീഷ്, ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം എത്തിയാണ് കടതുറക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഉടമ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഒന്നാംക്ളാസ് മജിസ്ട്രേറ്റിന്‍െറ വാറന്‍ഡ് അനുസരിച്ച് വാതില്‍ ബലമായി തുറന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. പടക്കങ്ങള്‍ പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.