കേസുകെട്ടുകള്‍ ഒഴിവാക്കാന്‍ ‘മധ്യവഴി’

മഞ്ചേരി: ജില്ലയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ മധ്യസ്ഥത വഴി തീര്‍പ്പാക്കാന്‍ നടപടികള്‍ തുടങ്ങി. സംസ്ഥാന മീഡിയേഷന്‍ ആന്‍ഡ് കൗണ്‍സിലേഷന്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ കോടതിവ്യവഹാരങ്ങളിലെ മീഡിയേഷന്‍ സംബന്ധിച്ച് ആഗസ്റ്റ് 20 ന് രാവിലെ പത്തിന് മഞ്ചേരി സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തുമെന്ന് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി രാജന്‍ തട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈകോടതി ജഡ്ജി ആന്‍റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. ഹൈകോടതിയിലെ പ്രമുഖ ജഡ്ജിമാരും പങ്കെടുക്കും. നിലവില്‍ കോടതിയില്‍ വ്യവഹാരമുള്ള പരാതിക്കാരും എതിര്‍കക്ഷികളുമായി 500ല്‍ പരം പേരെ ക്ഷണിച്ചിട്ടുണ്ട്. ലോക്സഭ വരുത്തിയ നിയമഭേദഗതിയനുസരിച്ച് നിലവില്‍ വന്ന ഇതര തര്‍ക്കപരിഹാരമാര്‍ഗമാണ് മീഡിയേഷന്‍. പരാതിക്കാരെയും എതിര്‍കക്ഷികളെയും സാധ്യതകള്‍ അറിയിക്കും. കക്ഷികള്‍ തന്നെ സ്വയം തീരുമാനമെടുക്കുന്ന രീതിയില്‍ നടപടികള്‍ അവസാനിപ്പിക്കാം. പ്രത്യേക പരിശീലനം സിദ്ധിച്ച 37 അഭിഭാഷകരാണ് കക്ഷികളുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുക. ഇരുകക്ഷികള്‍ക്കും ബോധിച്ച രീതിയില്‍ ന്യായമായ തീര്‍പ്പുണ്ടാക്കാം. ഇരുകക്ഷികളുടെയും സമ്മതത്തോടെ മാത്രമേ കേസ് നടപടികള്‍ മീഡിയേഷന് വിടാനാവൂ. മലപ്പുറത്ത് സബ്ജഡ്ജി രാജന്‍ തട്ടിലാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മുഴുവന്‍ സമയ സെക്രട്ടറി. അഞ്ചു വര്‍ഷമായി ജില്ലയില്‍ കോടതി നടപടികളുടെ ഭാഗമായി മീഡിയേഷന്‍ നടക്കുന്നുണ്ട്. 1081 കേസുകളാണ് ഇതിനകം തീര്‍പ്പാക്കിയത്. മീഡിയേഷനിലെ തീര്‍പ്പ് ഒരു കക്ഷിക്ക് സ്വീകാര്യമല്ളെങ്കില്‍ കോടതി നടപടികളിലേക്ക് കേസ് മാറ്റുകയും ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.