കുഞ്ഞിനെ കൈമാറി മാതാവ് മുങ്ങിയ സംഭവം: പൊലീസ് കേസെടുത്തു

മലപ്പുറം: നവജാത ശിശുവിനെ ഹോം നഴ്സിനെ ഏല്‍പ്പിച്ച് മാതാവ് മുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഹോം നഴ്സ് വിമലകുമാരിയുടെ പരാതിയില്‍, കുഞ്ഞിന്‍െറ മാതാവിനും ഇവരുടെ ഭര്‍ത്താവെന്ന് പരിചയപ്പെടുത്തിയ യുവാവിനുമെതിരെയാണ് പൊലീസ് കേസെടുത്തത്. കമീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റിവ് ഓഫിസര്‍ ഇ.ജെ. ജയരാജ് ശനിയാഴ്ച ഹോം നഴ്സിന്‍െറയും യുവാവിന്‍െറയും മൊഴിയെടുത്തു. കുഞ്ഞിന്‍െറ മാതാവ് വിദേശത്താണ്. ശിശുപരിപാലന കേന്ദ്രത്തിലാണ് എട്ടുമാസം പ്രായമായ പെണ്‍കുഞ്ഞ് ഇപ്പോഴുള്ളത്. കുട്ടി അനാഥയായി വളരരുതെന്നും ഭാവി സുരക്ഷിതമാക്കണമെന്നും വിമലകുമാരി കമീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നഷ്ടപരിഹാരം തേടി കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്. കോഴിക്കോട്ടെ ഫ്ളാറ്റില്‍ യുവതിയെയും കുഞ്ഞിനെയും പരിചരിക്കാന്‍ നിന്ന തന്നെ ഇവര്‍ കബളിപ്പിക്കുകയായിരുന്നെന്ന് വിമലകുമാരി മൊഴി നല്‍കി. കരുവാരകുണ്ടിലെ വീട്ടിലേക്ക് തനിക്കൊപ്പം വന്ന യുവതി കുഞ്ഞിനെ ഏല്‍പ്പിച്ച് മുങ്ങുകയായിരുന്നു. ഒരുമാസം നോക്കിയ ശേഷമാണ് ശിശുപരിപാലന കേന്ദ്രത്തിലാക്കിയത്. കുഞ്ഞിന്‍െറ മാതാവുമായി സൗഹൃദം മാത്രമേയുള്ളൂവെന്ന് പറഞ്ഞ യുവാവ് പിതൃത്വം നിഷേധിച്ചു. യുവതി വിദേശത്ത് നിന്നത്തെിയാല്‍ മാത്രമാണ് ഇവരുടെ മൊഴിയെടുക്കാന്‍ കഴിയുക. വിമലകുമാരിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് ചീഫ് ഇന്‍വെസ്റ്റിഗേറ്റിവ് ഓഫിസര്‍ അറിയിച്ചു. കുഞ്ഞിന്‍െറ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.