സമരക്കാര്‍ ലോറി തടഞ്ഞു; പൊലീസ് ലാത്തിവീശി

കൊണ്ടോട്ടി: അരൂരിലെ ക്രഷര്‍ യൂനിറ്റിലേക്ക് ലോറിയിലത്തെിയ സാധനങ്ങള്‍ തടഞ്ഞ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്. സംഭവത്തില്‍ പരിക്കേറ്റ ആറ് സ്ത്രീകളുള്‍പ്പെടെ ഒമ്പത് പേരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമതല നിര്‍വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയുന്ന 30ഓളം പേര്‍ക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അരൂര്‍-ആക്കോട് റോഡില്‍ പാട്ടയില്‍ കരിക്കാട്ട്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിലേക്ക് ശനിയാഴ്ച രാവിലെ 11ഓടെയാണ് രണ്ട് ലോറികളിലായി യന്ത്രസാമഗ്രികള്‍ എത്തിയത്. പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ലോറികളത്തെിയത്. ഹൈകോടതി നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ക്ക് സുരക്ഷ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. സാധനങ്ങളുമായി എത്തിയ ലോറി ക്രഷറിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സമരപന്തലിലുണ്ടായിരുന്ന സ്ത്രീകള്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ പേര്‍ എത്തിയതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 40 വയസ്സുകാരിയുടെ കൈ എല്ലുകള്‍ പൊട്ടുകയും രണ്ടര വയസ്സുകാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിബന്ധനകള്‍ക്ക് വിധേയമായി ക്രഷര്‍ പ്രവര്‍ത്തിക്കാന്‍ മുന്‍ പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരെ പരാതി വ്യാപകമായപ്പോള്‍ പുതിയ ഭരണസമിതി വിഷയം പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. ഉപസമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് സ്റ്റോപ് മെമോ നല്‍കാന്‍ തീരുമാനിച്ചെങ്കിലും ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് സെക്രട്ടറി എതിര്‍പ്പ് അറിയിക്കുകയായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനീറ അബ്ദുല്‍ വഹാബ് പറഞ്ഞു. സാങ്കേതിക കുരുക്ക് അഴിക്കാനാവശ്യപ്പെട്ട് ജൂലൈ 27ന് വിശദാംശങ്ങളുള്‍പ്പെടുത്തി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം സര്‍ക്കാറില്‍നിന്ന് മറുപടി ലഭിച്ചില്ളെങ്കില്‍ ക്രഷറിന് സ്റ്റോപ് മെമോ നല്‍കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ സന്ദര്‍ശിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ശനിയാഴ്ച രാത്രി കൊണ്ടോട്ടി നഗരത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.