ചേനപ്പാടിക്കാര്‍ക്ക് വീടുകളൊരുങ്ങി; വൈദ്യുതിയും വെള്ളവുമില്ലാതെ

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ചേനപ്പാടി ആദിവാസികളുടെ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുനമ്പറായില്ല. നമ്പറിടാത്തതിനാല്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. പരുത്തിപ്പറ്റയില്‍ ‘സ്നേഹ വീട്’ എന്ന് പേരിട്ട് നിര്‍മിച്ച ഒമ്പത് വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കോളനിക്കാര്‍ക്ക് കുടിവെള്ളവും ലഭ്യമല്ല. കോളനിയിലേക്കുള്ള റോഡും ചളിക്കുളമായിരിക്കുകയാണ്. രണ്ട് വര്‍ഷത്തോളമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒമ്പത് കുടുംബങ്ങളും കടുത്ത പ്രയാസത്തിലാണ്. മിക്ക കുടുംബങ്ങളും ക്യാമ്പില്‍നിന്ന് പരുത്തിപ്പറ്റയിലേക്ക് താമസം മാറിയിട്ടുണ്ട്. ഓരോ കുടുംബത്തിനും അനുവദിച്ച വീടുകള്‍ക്ക് സമീപത്ത് ഷെഡുകള്‍ നിര്‍മിച്ച് താമസം തുടങ്ങിയിട്ടുണ്ട്. വീടുകള്‍ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതിയും വെള്ളവുമത്തെിക്കാത്തത് കോളനിവാസികളെ ഏറെ പ്രയാസത്തിലാക്കി. സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍നിന്നാണ് അമ്പതോളം വരുന്ന ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം കൊണ്ടുവരുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് അധികൃതര്‍ വീട്ടുനമ്പര്‍ നല്‍കാത്തതാണ് അടിസ്ഥാന പ്രശ്നം. അതേസമയം, ചേനപ്പാടിക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് വാര്‍ഡ് മെംബര്‍ കെ.എസ്. അന്‍വര്‍ പറഞ്ഞു. വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ നടപടി തുടങ്ങിയതായും മറ്റ് പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.