കോള്‍മേഖലയില്‍ നെല്ല് സംഭരണം തുടങ്ങി; ഈ വര്‍ഷം മികച്ച വിളവ്

ചങ്ങരംകുളം: മലപ്പുറം ജില്ലയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന പൊന്നാനി കോള്‍മേഖലയില്‍ കൃഷി കഴിഞ്ഞ് സപൈ്ളകോ നെല്ല് സംഭരണം ആരംഭിച്ചു. മലപ്പുറം-തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോള്‍ മേഖലയില്‍ കാലവര്‍ഷക്കെടുതികളില്ലാത്തതിനാല്‍ ഇത്തവണ നൂറുമേനി വിളവ് ലഭിച്ചതായി കര്‍ഷകര്‍ പറയുന്നു. ഏക്കറിന് 2200 മുതല്‍ 2800 കിലോ നെല്ല് വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞവര്‍ഷം വേനല്‍ മഴ വര്‍ധിച്ചതിനാല്‍ നെല്‍മണികള്‍ കൊഴിഞ്ഞും കൃഷിവെള്ളത്തില്‍ മുങ്ങിയും പതിനായിരത്തോളം ഏക്കര്‍ വരുന്ന കോള്‍നിലങ്ങളില്‍ ഏറെ നഷ്ടമുണ്ടായിരുന്നു. ഇതില്‍ ആറായിരത്തോളം ഏക്കര്‍ പൊന്നാനി കോള്‍മേഖലയില്‍ പെടുന്നതാണ്. കൊയ്ത്തു മെതിയന്ത്രങ്ങള്‍ ചളിയില്‍ താഴ്ന്നും വൈക്കോല്‍ ഉപയോഗശൂന്യമായും കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടായി. ഈ വര്‍ഷത്തില്‍ നഷ്ടങ്ങളില്ലാതെ വിളവ് കൊയ്തെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മേഖലയിലെ കര്‍ഷകര്‍. കൊയ്ത നെല്ല് സപൈ്ളകോ നേരിട്ട് സംഭരണം ആരംഭിച്ചു കഴിഞ്ഞു. സപൈ്ളകോ തയ്യാര്‍ ചെയ്ത ലോറികളില്‍ നിശ്ചയിക്കപ്പെട്ട മില്ലുകളിലേക്ക് ഉദ്യോഗസ്ഥര്‍ മുഖേനയാണ് നെല്ല് കൊണ്ടുപോകുന്നത്. കിലോക്ക് 22 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കും. പതിനാല് രൂപ പത്ത് പൈസ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും ശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്‍െറ സബ്സിഡിയുമായാണ് കര്‍ഷകര്‍ക്ക് നല്‍കുക. കഴിഞ്ഞ വര്‍ഷം കിലോ നെല്ലിന് 19 രൂപ നിരക്കിലാണ് സപൈ്ളകോ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ചത്. സപൈ്ളകോ സംഭരിച്ച നെല്ലിന്‍െറ വില കര്‍ഷകര്‍ക്ക് അതതു ബാങ്കുകള്‍ വഴിവിതരണം ചെയ്യും. പലരീതികളിലും കൃഷി ചെയ്ത് ഏറെ ബാധ്യതയുണ്ടായ കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്‍െറ തുക വളരെ വേഗം ലഭ്യമാക്കുന്നത് ഏറെ സഹായകമാവുമെന്ന് കര്‍ഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.