മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പ്രധാന ബ്ളോക്കിലെ വനിതാവാര്‍ഡിന്‍െറ സീലിങ് അടര്‍ന്നു വീണു. ഇതോടെ വാര്‍ഡിലെ രോഗികളെ കുട്ടികളുടെ വാര്‍ഡിലേക്കും കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരെ കാഷ്വാലിറ്റി ഒബ്സര്‍വേഷനിലേക്കും മാറ്റി. അടുത്തിടെ മൂന്നാംതവണയാണ് ആശുപത്രിയില്‍ സീലിങ് അടര്‍ന്നുവീഴുന്നത്. ശനിയാഴ്ച രാവിലെ ആറോടെ ആശുപത്രിയിലെ പോസ്റ്റ് ഓപറേഷന്‍ വാര്‍ഡില്‍ സീലിങ്ങിന്‍െറ സിമന്‍റ് പാളി അടര്‍ന്നു വീണിരുന്നു. രണ്ട് രോഗികളും കൂട്ടിരിപ്പുകാരുമുള്‍പ്പെടെ ആറുപേര്‍ വാര്‍ഡിലുണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി. ഇതിന് രണ്ടുദിവസം മുമ്പും സീലിങ് അടര്‍ന്നുവീണിരുന്നു. അന്ന് നവജാതശിശു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി സീലിങ് അടര്‍ന്നുവീണതറിഞ്ഞ് എത്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി. ഉമ്മര്‍ ഫാറൂഖ് സമരക്കാരുമായും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തിയശേഷം, അപകടമുണ്ടായ ഗൈനക്കോളജി ലേബര്‍ റൂം, വാര്‍ഡ് എന്നിവ അഞ്ചു ദിവസത്തിനകം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നും ആശുപത്രിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുമെന്നും രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും സീലിങ് അടര്‍ന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതായും കെട്ടിടം അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി അറിയിച്ചു. താലൂക്കാശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടുണ്ട്. പൊളിഞ്ഞുവീഴാറായ കെട്ടിടവും വൃത്തിഹീനമായ കിണറും ഉപയോഗശൂന്യമായ ശുചിമുറികളുമാണ് താലൂക്കാശുപത്രിയിലുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിന് പുറമെ സൂപ്രണ്ടിന്‍െറ തസ്തിക കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രി മെയ്ന്‍റനന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നിട്ട് എട്ട് മാസത്തിലധികമായി. പുതിയ നഗരസഭാ കൗണ്‍സില്‍ അധികാരമേറ്റയുടനെ ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല ടീച്ചറുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ആരോഗ്യവിഭാഗവും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയുടെ ശോച്യാവസ്ഥ നേരില്‍ക്കണ്ട ചെയര്‍പേഴ്സന്‍ ആവശ്യമായ നടപടികളെടുക്കുമെന്ന് അന്ന് പറഞ്ഞെങ്കിലും പാലിക്കപ്പെട്ടില്ല. മലപ്പുറത്തെയും സമീപ പഞ്ചായത്തുകളിലെയും പാവപ്പെട്ടവര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രിയില്‍ ജീവന്‍ പണയംവെച്ചാണ് രോഗികള്‍ കഴിയുന്നത്. 40 വര്‍ഷത്തോളം പഴക്കമുള്ള ആശുപത്രി കെട്ടിടത്തിന് പുറംമോടിയൊരുക്കല്‍ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് രോഗികള്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.