ചൂടും കാട്ടുതീയും: നിലമ്പൂര്‍ വനമേഖല വരണ്ടുണങ്ങി; ചെക്ഡാമുകള്‍ വറ്റി

നിലമ്പൂര്‍: ചരിത്രത്തിലെ കൂടിയ താപനില രേഖപ്പെടുത്തിയ നിലമ്പൂരില്‍ വനമേഖലയും വരണ്ടുണങ്ങി. കാട്ടുതീയും വ്യാപകമായതോടെ വനങ്ങള്‍ തീര്‍ത്തും ഉണക്കഭീഷണിയിലായി. കാട്ടുമൃഗങ്ങളുടെ ദാഹശമനത്തിനും കാടിന്‍െറ പച്ചപ്പ് നിലനിര്‍ത്തുന്നതിനുമായി വനംവകുപ്പ് നിര്‍മിച്ച കുളങ്ങളും ചെക്ഡാമുകളും പൂര്‍ണമായും വറ്റിവരണ്ടു. കാട്ടുതീ പടര്‍ന്നുപിടിച്ചത് മൂലം വിലപിടിപ്പുള്ള വന്‍ മരങ്ങളും മുളങ്കാടുകളും നശിച്ചിട്ടുണ്ട്. നിലമ്പൂര്‍ നോര്‍ത്, സൗത് ഡിവിഷനുകളിലെ വനമേഖലയില്‍ പലയിടത്തും ചാരം മൂടിക്കിടക്കുന്ന കാഴ്ചയാണുള്ളത്. കാടിന്‍െറ ജൈവസമ്പത്ത് മാത്രമല്ല, സ്വാഭാവികതകൂടി നശിച്ചിട്ടുണ്ട്. പ്രതിരോധ നടപടികള്‍ പേരിലൊതുങ്ങിയപ്പോള്‍ പടര്‍ന്നുപിടിക്കുന്ന തീ പലപ്പോഴും സ്വയം കെട്ടടങ്ങിയാണ് നില്‍ക്കുന്നത്. കഠിനമായ ചൂട് കാട്ടുതീ അണക്കല്‍ അസാധ്യമാക്കുകയാണ്. നിത്യഹരിത വനമേഖലകള്‍ പോലും ഇക്കുറി കാട്ടുതീയുടെ പിടിയിലമര്‍ന്നു. കാടിന്‍െറ ആവാസവ്യവസ്ഥ തകര്‍ന്നത്തോടെ കുടിവെള്ളവും ഭക്ഷണവും തേടി കാട്ടുമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് പതിവായിട്ടുണ്ട്. ഇതുമൂലം വനാതിര്‍ത്തി മേഖലയില്‍ കൃഷിയും അസാധ്യമായി. നിലമ്പൂര്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളത്തിനു വേണ്ടി പിടിവലിയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വഴിക്കടവ് പൂവ്വത്തിപൊയിലില്‍ കുടിവെള്ള വിതരണം നടത്തിയത്. ഞായറാഴ്ച നിലമ്പൂര്‍ മേഖലയില്‍ രാവിലെ എട്ടിന് 29ഉം വൈകീട്ട് നാലിന് 39ഉം ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. മേഖലയില്‍ ഇക്കുറി വേനല്‍ മഴ ലഭിക്കാതെ വന്നതും കാട്ടുതീ വര്‍ധിക്കാനിടയാക്കി. പ്രദേശത്ത് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാട്ടുതീ പടര്‍ന്നുപിടിച്ചത് ഈ വര്‍ഷമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ താല്‍ക്കാലിക ഫയര്‍വാച്ചര്‍മാരെ വനംവകുപ്പ് നിയമിച്ചിരുന്നു. എന്നാല്‍, കാലാവധി കഴിഞ്ഞതോടെ ഇവരെ മാര്‍ച്ച് അവസാനം പിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.