എടവണ്ണയെ വെടിപ്പാക്കാന്‍ പദ്ധതി: മഴക്കാല രോഗങ്ങള്‍ക്കെതിരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയായി

എടവണ്ണ: കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഊര്‍ജിതമായ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എടവണ്ണ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ രൂപരേഖ തയാറാക്കി. പഞ്ചായത്ത് പ്രദേശത്തെ പ്രധാന അങ്ങാടികളായ എടവണ്ണ, ഒതായി, ചാത്തല്ലൂര്‍, കുണ്ടുതോട്, പത്തപ്പിരിയം, തൂവ്വക്കാട്, പന്നിപ്പാറ എന്നിവിടങ്ങളില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒരാഴ്ചക്കകം പഞ്ചായത്തിലെ 22 വാര്‍ഡുകളിലെയും വാര്‍ഡ് ശുചിത്വാരോഗ്യ സമിതികള്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. 25ന് സ്ഥാപന ശുചീകരണ ദിനമായും 29ന് ഗൃഹ ശുചീകരണ ദിനമായും ആചരിക്കും. 29ന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും അയല്‍സഭകളുടെയും മേല്‍നോട്ടത്തില്‍ ഉറവിട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു. പൊതുകിണറുകള്‍ ശുചീകരിക്കുന്നതിനും ജലജന്യരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പദ്ധതികള്‍ തയാറാക്കി. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ബേക്കറി, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്‍െറ എണ്‍പതോളം സാമ്പിളുകള്‍ ശേഖരിച്ച് അതിന്‍െറ പരിശോധനാ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു.എടവണ്ണ വ്യാപാരി വ്യവസായി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ച വ്യാപാരികളുടെ യോഗം ചേരും. തങ്ങളുടെ സ്ഥാപനവും പരിസരവും ശുചീകരിക്കുന്നതിനായി യൂനിറ്റ് ഭാരവാഹികളെ ചുമതലപ്പെടുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തേണ്ട ആവശ്യകത ബോധിപ്പിക്കുന്നതിനായി 25, 26, 27 തീയതികളില്‍ വൈകുന്നേരങ്ങളില്‍ ആരോഗ്യസന്ദേശ യാത്ര നടത്താനും ലഘുലേഖകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും യോഗം തീരുമാനിച്ചു. എടവണ്ണ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.കെ. ജമീല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റസിയാ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസിലെ ടെക്നിക്കല്‍ അസി. എം. വേലായുധന്‍ വിഷയാവതരണം നടത്തി. അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സി.പി. ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ എ. അഹമ്മദ് കുട്ടി, പി.പി. അബൂബക്കര്‍, കെ. ഹഫ്സത്ത്, ടി. സക്കീര്‍, പി.സി. അബ്ദുസ്സലാം, വി. ലുഖ്മാന്‍, വി.പി. ലുഖ്മാന്‍, പി.പി. അബ്ദുറഹ്മാന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശുഭ, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജുമൈലത്ത്, എടവണ്ണ സി.എച്ച്.സി എച്ച്.എസ്.യു എം. മാധവന്‍, എടവണ്ണ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. അബ്ദുറഹ്മാന്‍, പബ്ളിക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അംബിക കുമാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.