എല്‍.ഇ.ഡി ബള്‍ബ് വിതരണം: തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ് ആവശ്യപ്പെടുന്നതില്‍ ആശയക്കുഴപ്പം

എടപ്പാള്‍: കെ.എസ്.ഇ.ബി കുറഞ്ഞ നിരക്കില്‍ നല്‍കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി വേണമെന്ന അനൗദ്യോഗിക തീരുമാനം ഉപഭോക്താക്കളെ പ്രയാസത്തിലാക്കുന്നു. 95 രൂപ നിരക്കില്‍ ഒരു ഉപഭോക്താവിന് രണ്ട് എല്‍.ഇ.ഡി ബള്‍ബുകളാണ് കെ.എസ്.ഇ.ബി നല്‍കുന്നത്. നേരത്തേ വൈദ്യുതി ബില്‍ അടച്ച രശീതും പണവുമായി ചെന്നാല്‍ ബള്‍ബ് നല്‍കിയിരുന്നു. ഇതിനിടയിലാണ് തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ് വേണമെന്ന നിര്‍ദേശം പല ഓഫിസുകളും നടപ്പാക്കിയത്. കെ.എസ്.ഇ.ബി സംസ്ഥാന തലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ല. ഓണ്‍ലൈന്‍ വഴി വൈദ്യുതി ബില്‍ അടക്കുന്നവരുടെ ഉപഭോക്തൃ നമ്പര്‍ ഉപയോഗിച്ച് പലയിടത്തും എല്‍.ഇ.ഡി ബള്‍ബുകള്‍ അനര്‍ഹരായവര്‍ വാങ്ങിക്കുന്ന സാഹചര്യത്തിലാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈദ്യുതി ബില്‍ അടച്ച രശീതുമായി ബള്‍ബ് വാങ്ങാനത്തെുന്നവര്‍ മിക്കവരും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാറില്ല. പിന്നീട് വീണ്ടും തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പുമായി വന്ന് വേണം ബള്‍ബ് വാങ്ങിക്കാന്‍. രശീതുമായി വരുന്നവര്‍ക്ക് ബള്‍ബ് നല്‍കുകയും ഓണ്‍ലൈന്‍ വഴി പണമടച്ചവര്‍ക്ക് ബള്‍ബ് ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പി നിര്‍ബന്ധമാക്കുകയും ചെയ്യേണ്ടതിനു പകരമാണ് സെക്ഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ മൊത്തം ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്. രാവിലെ എട്ടുമുതല്‍ സെക്ഷന്‍ ഓഫിസുകളില്‍ വൈദ്യുതി ബില്‍ തുക എടുക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ബള്‍ബ് വിതരണം ആരംഭിക്കുന്നത് രാവിലെ 10 മുതലാണ്. എട്ടുമണിക്ക് ബില്‍ അടച്ച ഉപഭോക്താവ് ബള്‍ബ് ലഭിക്കണമെങ്കില്‍ രണ്ട് മണിക്കൂറിലധികം കാത്തുനില്‍ക്കണം. ഇത്തരം പ്രയാസങ്ങള്‍ നിലനില്‍ക്കെ പല സെക്ഷന്‍ ഓഫിസുകളിലും ബള്‍ബുകളുടെ സ്റ്റോക്കും തീര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.