ഇന്ന് ലോക പൈതൃകദിനം: വെട്ടുകല്ലിന്‍െറ സവിശേഷത പരിചയപ്പെടുത്തിയ ഹാമില്‍ട്ടന്‍െറ സ്മാരകം അവഗണനയില്‍

പെരിന്തല്‍മണ്ണ: വെട്ടുകല്ലിന്‍െറ സവിശേഷതകള്‍ ലോകത്തിന് പരിചയപ്പെടുത്തിയ ഹാമില്‍ട്ടന്‍െറ സ്മരണക്കായി നിര്‍മിച്ച കെട്ടിടം അവഗണനയില്‍. പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ റെസ്റ്റ് ഹൗസ് പരിസരത്താണ് ഫ്രാന്‍സിസ് ഹാമില്‍ട്ടന്‍ ബുക്കാനന്‍ സ്മാരകം പുല്ല് വളര്‍ന്ന് കിടക്കുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സര്‍ജനായിരുന്ന അദ്ദേഹം അങ്ങാടിപ്പുറം സന്ദര്‍ശിച്ച വേളയിലാണ് വെട്ടുകല്ലിനെക്കുറിച്ചും അതിന്‍െറ ഗുണമേന്മയും ഉപയോഗരീതികളും മനസ്സിലാക്കുന്നത്. ലത്തീന്‍ ഭാഷയില്‍ ഇഷ്ടിക ‘ലാറ്ററിസിന്‍’ എന്നാണ് അറിയപ്പെടുന്നത്. വലിയ ഇഷ്ടികയുടെ രൂപത്തില്‍ വെട്ടിയെടുക്കുന്ന വെട്ടുകല്ലിന് ഹാമില്‍ട്ടന്‍ ‘ലാറ്ററൈറ്റ് ’എന്ന പേരാണ് നല്‍കിയത്. ഇതിനെ അദ്ദേഹം പാശ്ചാത്യനാടുകളില്‍ 1802ല്‍തന്നെ പരിചയപ്പെടുത്തുകയും ചെയ്തു. ഉഷ്ണമേഖലയില്‍ ആര്‍ദ്രത നിറഞ്ഞ പ്രദേശത്താണ് ഇത്തരം കല്ലുകള്‍ കാണപ്പെടുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈര്‍പ്പത്തിന്‍െറ അംശമുള്ള കല്ല് വെട്ടി അത് ഉണങ്ങുന്നതോടെ ഇഷ്ടികയായി ഉപയോഗിക്കുന്ന രീതിയാണ് ഹാമില്‍ട്ടന്‍ പരിചയപ്പെടുത്തിയത്. സര്‍വേയറും ബോട്ടണിസ്റ്റും കൂടിയായിരുന്നു ഇദ്ദേഹം. സിലിക്ക, കളിമണ്ണ്, അലൂമിനിയം അയിര്, മാംഗനീസ്, നിക്കല്‍ തുടങ്ങിയവയുടെ സാന്നിധ്യം വെട്ടുകല്ലിലുണ്ടെന്നാണ് കണ്ടത്തെിയത്. ഹാമില്‍ട്ടന്‍െറ മരണശേഷം 1979 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന ‘അന്താരാഷ്ട്ര ലാറ്റിറ്റൈസേഷന്‍’ സമ്മേളനത്തിലാണ് ഇദ്ദേഹത്തിന് സ്മാരകം പണിയാന്‍ തീരുമാനിച്ചത്. ഐ.ജി.സി.പി പദ്ധതിയുടെ ഭാഗമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് സ്മാരകം രൂപകല്‍പന ചെയ്തതും പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ റെസ്റ്റ് ഹൗസ് പരിസരത്ത് സ്ഥാപിച്ചതും. ലോക പൈതൃകദിനത്തില്‍ പോലും സ്മാരകത്തിലെ കാടും പടലും മാറ്റി വൃത്തിയാക്കാന്‍ സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും മുന്‍കൈയെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.