പെരിന്തല്‍മണ്ണ 66 കെ.വി സബ്സ്റ്റേഷന്‍ ഉയര്‍ത്തല്‍ ജോലികള്‍ മുന്നേറുന്നു

പെരിന്തല്‍മണ്ണ: നഗരസഭയിലും പരിസര പഞ്ചായത്തുകളിലും ഉയര്‍ന്ന വോള്‍ട്ടേജ് ക്ഷമത ലക്ഷ്യം വെക്കുന്ന പെരിന്തല്‍മണ്ണ 66 കെ.വി സബ്സ്റ്റേഷന്‍ 110 കെ.വി ആക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ ജോലികള്‍ മുന്നേറുന്നു. കഴിഞ്ഞ മേയ് അവസാനമാണ് സബ്സ്റ്റേഷന്‍ നിര്‍മാണ ജോലികള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തത്. സബ്സ്റ്റേഷന്‍ യാര്‍ഡ്, ടവറുകള്‍ എന്നിവയുടെ ജോലികളാണ് നടന്നുവരുന്നത്. 9.58 കോടിയാണ് നിര്‍മാണത്തിന് ചെലവഴിക്കുക. പ്രസരണനഷ്ടം കുറച്ച് വോള്‍ട്ടേജ് ക്ഷാമം ഇല്ലാത്ത നിലയില്‍ ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസ്സം കൂടാതെ ലഭ്യമാക്കുന്നത് ലക്ഷ്യം വെച്ചാണ് സബ്സ്റ്റേഷന്‍ ഉയര്‍ത്തല്‍ ജോലി ആരംഭിച്ചത്. ഇതോടൊപ്പം നിലവിലെ മലപ്പുറം-പെരിന്തല്‍മണ്ണ 66 കെ.വി ലൈന്‍ 110 കെ.വി ആക്കുന്നതിനും നടപടികളാരംഭിച്ചിട്ടുണ്ട്. മലപ്പുറം 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് പെരിന്തല്‍മണ്ണ 66 കെ.വി സബ്സ്റ്റേഷനിലേക്ക് സിംഗിള്‍ സര്‍ക്യൂട്ട് 66 കെ.വി ലൈനിലൂടെയാണ് ഇപ്പോള്‍ വൈദ്യുതി എത്തിക്കുന്നത്. ഇതിനാല്‍, മലപ്പുറം സബ്സ്റ്റേഷനിലോ 66 കെ.വി ട്രാന്‍സ്ഫോര്‍മറിലോ അനുബന്ധ ഉപകരണങ്ങളിലോ തകരാറ് സംഭവിച്ച് അറ്റകുറ്റപ്പണി നടത്തുമ്പോള്‍ പെരിന്തല്‍മണ്ണ സബ്സ്റ്റേഷനില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം സംഭവിക്കും. ഇത് പരിഹരിക്കാനാണ് പെരിന്തല്‍മണ്ണ സബ്സ്റ്റേഷന്‍െറ ശേഷി വര്‍ധിപ്പിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ ശേഷി വര്‍ധിപ്പിക്കാന്‍ തൃശൂര്‍ രാമവര്‍മപുരം-മാലാപറമ്പ് 110 കെ.വി ലൈനില്‍നിന്ന് ഡബ്ള്‍ സര്‍ക്യൂട്ട് വഴി 110 കെ.വി വൈദ്യുതി എടുക്കാന്‍ പാകതയുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. തോണിക്കരയില്‍നിന്ന് നിലവിലെ 66 കെ.വി മലപ്പുറം പെരിന്തല്‍മണ്ണ ലൈന്‍ അഞ്ച് കിലോമീറ്റര്‍ 110 കെ.വി ഡബ്ള്‍ സര്‍ക്യൂട്ട് ആക്കുന്നതിനുള്ള ജോലികളും ആരംഭിച്ചുകഴിഞ്ഞു. നഗരസഭക്ക് പുറമേ ആലിപ്പറമ്പ്, ഏലംകുളം, താഴെക്കോട്, വെട്ടത്തൂര്‍, പുലാമന്തോള്‍, മേലാറ്റൂര്‍, കീഴാറ്റൂര്‍, അങ്ങാടിപ്പുറം, മങ്കട, കുറുവ, പുഴക്കാട്ടിരി, മൂര്‍ക്കനാട് എന്നീ പഞ്ചായത്തുകള്‍ക്കും സബ്സ്റ്റേഷന്‍െറ ശേഷി വര്‍ധന പ്രയോജനപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.