വളാഞ്ചേരി: രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നവര്‍ക്ക് ആശ്വാസമായി കുടിവെള്ള വിതരണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളാഞ്ചേരി മേഖലയില്‍ സജീവമായി ഇടപെടുന്ന ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ കുടിവെള്ള വിതരണ പദ്ധതിയാണ് കൊടുംവേനലില്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാവുന്നത്. വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറ, കോതോള്‍, ചീരാണി, താണിയപ്പന്‍കുന്ന്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഹില്‍ടോപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. രാവിലെ ആരംഭിക്കുന്ന വിതരണം രാത്രി 10 വരെ നീളും. 6500 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കര്‍ ലോറി ദിവസം നാല് ട്രിപ്പാണ് ഓടുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് കുടങ്ങളും പാത്രങ്ങളുമായി വെള്ളത്തിനായി എത്തുന്നത്. വിതരണത്തിന് വന്‍ തുക ചെലവ് വരുന്നുണ്ടെങ്കിലും സുമനസ്സുകളുടെ സഹായത്താലാണ് ഈ സംരംഭം മുന്നോട്ട് പോവുന്നത്. 11 ദിവസമായി ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതി പ്രദേശത്തേക്ക് അധികൃതര്‍ വെള്ളം എത്തിക്കുന്നില്ളെങ്കില്‍ മഴക്കാലം തുടങ്ങുന്നതുവരെ തുടരാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഫോറം ഭാരവാഹികള്‍. ഓരോ ദിവസവും കുടിവെള്ളം വിതരണം ചെയ്യുന്നതിന് ‘ചെഗുവേര’യുടെ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ‘ചെഗുവേര’യുടെ നേതൃത്വത്തില്‍ കെ.ടി. സത്യഭാമ ടീച്ചറുടെ ഓര്‍മക്കായി നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഫോറം പ്രസിഡന്‍റ് വി.പി.എം. സാലിഹും ചീഫ് കോഓഡിനേറ്റര്‍ വെസ്റ്റേണ്‍ പ്രഭാകരനും പറഞ്ഞു. ഫ്രീ ഡ്രഗ് ബാങ്ക്, ഡയാലിസിസ് സെന്‍റര്‍, സൗജന്യ ആംബുലന്‍സ്, ഫ്രീ മൊബൈല്‍ ഫ്രീസര്‍, ജൈവകൃഷി എന്നിവയും ഫോറത്തിന്‍െറ നേതൃത്വത്തില്‍ വിജയകരമായി നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.