വാഹനങ്ങള്‍ക്ക് തടസ്സമായി നിര്‍മാണ പ്രവൃത്തി

മഞ്ചേരി: ഇടതടവില്ലാതെ വാഹന ഗതാഗതമുള്ള മഞ്ചേരിയില്‍ അപകടക്കുരുക്കൊരുക്കി പാതിവഴിയില്‍ ഉപേക്ഷിച്ച നിര്‍മാണ പ്രവൃത്തി. മണ്ണടിഞ്ഞ ഓവുപാലം വൃത്തിയാക്കാനും അഴുക്കുചാല്‍ ശുചീകരിക്കാനുമായി തുടങ്ങിയ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കാല്‍നടക്കാര്‍ക്ക് നടന്നുപോവാനിടമില്ലാത്ത ട്രാഫിക് ജങ്ഷനില്‍ വാഹനങ്ങള്‍ക്ക് തടസ്സം തീര്‍ത്ത് ടാര്‍വീപ്പകള്‍ നാട്ടിയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ട്രാഫിക് ജങ്ഷനില്‍ ഇലക്ട്രിക് സിഗ്നല്‍ സ്ഥാപിച്ചിട്ടും രാത്രിയില്‍ അപകടങ്ങള്‍ പതിവാണ്. ഗര്‍ഭിണിയുമായി മെഡിക്കല്‍ കോളജിലേക്ക് വരികയായിരുന്ന ആംബുലന്‍സും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് നേരത്തേ രണ്ടുപേര്‍ മരിച്ചിരുന്നു. വേണ്ടത്ര വീതിയില്ലാത്തതാണ് കാരണം. ട്രാഫിക് കുരുക്കുണ്ടാക്കുന്ന തരത്തില്‍ ഇവിടെ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റാന്‍ പലതവണ ആവശ്യമുയര്‍ന്നിട്ടും നടന്നിട്ടില്ല. ഇതിനു സമീപമാണ് അരികുചാല്‍ വൃത്തിയാക്കുന്നതിന്‍െറ പേരില്‍ മാസങ്ങള്‍ മുമ്പ് നിര്‍മാണം തുടങ്ങിയത്. ടാര്‍വീപ്പകളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മലപ്പുറം റോഡില്‍നിന്ന് പാണ്ടിക്കാട് റോഡിലേക്കും പാണ്ടിക്കാട് റോഡില്‍നിന്ന് മലപ്പുറം റോഡിലേക്കും വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ട്രാഫിക് ജങ്ഷന്‍ വീതികൂട്ടാന്‍ വര്‍ഷങ്ങള്‍ മുമ്പ് തുടങ്ങിയ ആലോചന ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭയും ജനപ്രതിനിധികളും മുന്നിട്ടിറങ്ങാന്‍ തയാറാവാത്തതാണ് പ്രധാന കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.