ബസുകളുടെ മത്സരയോട്ടത്തിന് കാരണം കലക്ഷന്‍ ബത്ത –ആര്‍.ടി.ഒ

മലപ്പുറം: ബസ് ജീവനക്കാരുടെ കൈയാങ്കളിക്കും മത്സരയോട്ടത്തിനും കാരണം കലക്ഷന്‍ ബത്തയാണെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എം.പി. അജിത്കുമാര്‍. ബസ് ജീവനക്കാരുടെ ശമ്പളം അതത് ദിവസം ബസിന് ലഭിക്കുന്ന കലക്ഷന് ആനുപാതികമായിട്ടാണ് ഉടമകള്‍ നല്‍കുന്നത്. മത്സരിച്ച് ഓടി മറ്റ് ബസുകളില്‍ കയറേണ്ട യാത്രക്കാരെ സ്വന്തം ബസില്‍ കയറ്റിയാല്‍ മാത്രമേ മതിയായ വേതനം ലഭിക്കൂ എന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. കോഴിക്കോട് ജില്ലയില്‍ ബസുടമകളുടെ അഞ്ച് സൊസൈറ്റികളുണ്ടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സൊസൈറ്റികളുള്ള ബസ് റൂട്ടില്‍ ജീവനക്കാര്‍ക്ക് ശമ്പളമാണ് നല്‍കുന്നത്. കലക്ഷന്‍ ബത്തയെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് ജില്ലാ ലേബര്‍ ഓഫിസറുമായി ചര്‍ച്ച നടത്തുകയും ജില്ലയില്‍ മാത്രമായി ഇക്കാര്യം നടപ്പാക്കാന്‍ പ്രയാസമുള്ളതിനാല്‍ സംസ്ഥാനം മുഴുവന്‍ നടപ്പാക്കാന്‍ കേരള റോഡ് സുരക്ഷാ അതോറിറ്റിക്ക് ശിപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ആര്‍.ടി.ഒ പറഞ്ഞു. ഇതില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ബസുടമകള്‍ ടൈമിങ് കോണ്‍ഫറന്‍സിനെ കുറ്റപ്പെടുത്തുന്നതെന്ന് ആര്‍.ടി.ഒ അറിയിച്ചു. ജില്ലയില്‍ ചെറിയ ബസുകളാണ് കൂടുതല്‍ ഓടുന്നത്. ചെറിയ ബസുകള്‍ക്ക് സീറ്റിങ് കപ്പാസിറ്റി 23, 28 എന്നീ തരത്തിലാണ്. എന്നാല്‍, എല്ലാ ബസുകളിലും 50 യാത്രക്കാരില്‍ കൂടുതലും സ്കൂള്‍ സമയങ്ങളില്‍ കുട്ടികളടക്കം 60 പേരുമായാണ് ഓടുന്നത്. ഇത്തരത്തില്‍ ഓവര്‍ലോഡ് എടുത്ത് അമിതമായ ലാഭം ഉണ്ടാക്കുന്നുണ്ട്. അഞ്ച് മിനിറ്റ് മാത്രം വ്യത്യാസമുള്ള സ്ഥലങ്ങളിലും ഓവര്‍ലോഡായാണ് ബസുകള്‍ സര്‍വിസ് നടത്തുന്നതെന്നും ആര്‍.ടി.ഒ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.