ഇനിയിവര്‍ക്ക് പ്രതീക്ഷയുടെ നിറക്കൂട്ടുള്ള അവധിക്കാലം

മലപ്പുറം: കുടുംബസ്നേഹത്തണലില്‍ അവധിക്കാലം ആഘോഷമാക്കാന്‍ അവര്‍ യാത്രയായി. ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍നിന്നുള്ള പ്രത്യേക ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ള 13 കുട്ടികളാണ് അവരെ ഏറ്റെടുക്കാന്‍ തയാറായ രക്ഷാകര്‍ത്താക്കളോടൊപ്പം ഓരോ വീടുകളിലേക്ക് ആഹ്ളാദത്തോടെ പോയത്. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും സംഘടിപ്പിച്ച അവധിക്കാല ഫോസ്റ്റര്‍ കെയര്‍ ‘വേനലവധി കുടുംബങ്ങള്‍ക്കൊപ്പം’ പരിപാടി മലപ്പുറം കലക്ടറേറ്റിന് സമീപത്തെ ശാന്തിതീരത്ത് നടന്നു. കുടുംബസാഹചര്യങ്ങളില്‍ വളരാനാവാതെ വിവിധ സ്ഥാപനങ്ങളില്‍ കഴിയുകയായിരുന്ന കുട്ടികളെയാണ് പദ്ധതി പ്രകാരം അവധിക്കാലത്തേക്ക് വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയെയും കണ്ടത്തെി അവരോടൊപ്പം പറഞ്ഞയച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് തെരഞ്ഞെടുത്ത കുടുംബങ്ങളിലേക്ക് കുട്ടികളെ കൈമാറിയത്. ഇന്ത്യയില്‍ത്തന്നെ ആദ്യമായി കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയിച്ചതിനെ തുടര്‍ന്ന് രണ്ടാം ഘട്ടമായാണ് നടപ്പാക്കുന്നത്. അവധിക്കാലം കഴിഞ്ഞാല്‍ കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമുകളിലേക്ക് തിരികെയത്തെിക്കും. താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്ഥിരമായി നിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. അഞ്ച് വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവരെയാണ് കൈമാറിയത്. ഒരുകുടുംബത്തിലേക്ക് ഒരുകുട്ടിയെയാണ് ഏല്‍പ്പിക്കുന്നത്. എന്നാല്‍, സഹോദരങ്ങളെ ഒരേ വീട്ടിലേക്ക് തന്നെ അയക്കും. ബുധനാഴ്ച രാവിലെ 10ന് മലപ്പുറം ശാന്തിതീരം പാര്‍ക്കില്‍ നടന്ന ചടങ്ങ് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് തന്നെ മാതൃകയായ ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്‍െറ പൂര്‍ണ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു. കുട്ടികളെ ഏറ്റെടുക്കാനത്തെിയ രക്ഷിതാക്കളെയും മലപ്പുറത്തിന്‍െറ നന്മ നിറഞ്ഞ മനസ്സിനെയും അഭിനന്ദിക്കാതിരിക്കാന്‍ നിര്‍വാഹമില്ളെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ വിശദീകരിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ സുഭാഷ്കുമാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ കെ.പി. ഷാജി, കെ.എ. രുഗ്മിണി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരായ മുഹമ്മദ് സാലിഹ്, മുഹമ്മദ് ഫസല്‍, ശിശുക്ഷേമ സമിതി അംഗങ്ങളായ കവിതാ ശങ്കര്‍, നജ്മല്‍ ബാബു കൊരമ്പയില്‍, ഹാരിസ് പഞ്ചിളി, എം. മണികണ്ഠന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.