നിലമ്പൂര്‍–പെരുമ്പിലാവ് സംസ്ഥാനപാത നവീകരണം അറ്റകുറ്റപ്പണിയിലൊതുങ്ങുന്നു

പുലാമന്തോള്‍: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാനപാതയുടെ നവീകരണം അറ്റകുറ്റപ്പണിയിലൊതുങ്ങുന്നു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ പെരിന്തല്‍മണ്ണ മുതല്‍ പെരുമ്പിലാവ് വരെയുള്ള ഭാഗങ്ങളിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ലോക ബാങ്കിന്‍െറ സഹായത്തോടെ പെരിന്തല്‍മണ്ണ മുതല്‍ പെരുമ്പിലാവ് വരെയുള്ള അപകട വളവുകള്‍ നികത്തി നവീകരണം നടത്താനായിരുന്നു കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് പദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനമെടുത്ത് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കെ.എസ്.ടി.പി അധികൃതര്‍ റോഡിന്‍െറ അളവെടുപ്പ് നടത്തിയിരുന്നു. സ്ഥലം വീണ്ടെടുപ്പും പൊതുജനങ്ങളില്‍നിന്ന് ആവശ്യമായ സ്ഥലം ഏറ്റെടുപ്പും പല സ്ഥലങ്ങളിലും പൊതുജനങ്ങളുടെ എതിര്‍പ്പ് കാരണം നീണ്ടുപോയി. പല ഭാഗങ്ങളിലും സ്ഥലമുടമകളുമായി കെ.എസ്.ടി.പി അധികൃതര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തി. ഏറ്റെടുക്കുന്ന ഭൂമിക്ക് മതിപ്പ് വില നല്‍കാനും വീട് നഷ്ടപ്പെടുന്നവര്‍ക്ക് ആറ് മാസം വരെ വീട്ടുവാടക നല്‍കാനും തീരുമാനമായിരുന്നു. എന്നാല്‍, ഉടമകളില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമി വിലയുടെ നാലിലൊന്ന് മുന്‍കൂറായി റവന്യൂ വകുപ്പില്‍ കെട്ടിവെക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം വന്നതോടെ പദ്ധതി അവതാളത്തിലാവുകയായിരുന്നു. പെരിന്തല്‍മണ്ണ മുതല്‍ പെരുമ്പിലാവ് വരെ ഭൂമി ഏറ്റെടുക്കലിന് 120 കോടി രൂപയാണ് വിലയിരുത്തിയത്. ഇതുപ്രകാരം 30 കോടി രൂപ കണ്ടത്തൊന്‍ കഴിയാത്തതാണ് കെ.എസ്.ടി.പി പദ്ധതി പിറകോട്ടടിക്കാന്‍ കാരണമായത്. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, പാലക്കാട് ജില്ലയിലെ കൂട്ടുപാത എന്നിവിടങ്ങളിലൊഴികെ സ്ഥല നിര്‍ണയവും കല്ലിടലും നടന്നെങ്കിലും പദ്ധതി അനിശ്ചിതത്വത്തിലാണ്. ലോകബാങ്ക് സഹായത്തോടെ നടത്താനിരുന്ന റോഡ് നവീകരണത്തിന്‍െറ കാലാവധി 2018ല്‍ അവനാനിക്കും. പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്താലല്ലാതെ മറ്റു മാര്‍ഗമൊന്നും ഇപ്പോള്‍ കെ.എസ്.ടി.പിക്ക് മുന്നിലില്ല. ഇപ്പോള്‍ പെരിന്തല്‍മണ്ണ മുതല്‍ പെരുമ്പിലാവ് വരെയുള്ള റോഡ് നവീകരണത്തിനു പകരം എട്ട് കോടി രൂപ ചെലവഴിച്ച് റോഡിന്‍െറ അറ്റകുറ്റപ്പണി നടത്താനാണ് കെ.എസ്.ടി.പി തീരുമാനം. തകര്‍ന്ന കലുങ്കുകള്‍, പാരപ്പറ്റുകള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് നടത്തുന്നത്. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിനടുത്ത് അറക്കലില്‍ ഗതാഗത തടസ്സമായിരുന്ന കലുങ്കിന്‍െറ നവീകരണം തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.