യോഗം ബഹളത്തില്‍ മുങ്ങി, കല്‍ക്കുണ്ട് നീര്‍ത്തട പദ്ധതി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

കരുവാരകുണ്ട്: കല്‍ക്കുണ്ട് കപ്പലാംതോട്ടം നീര്‍ത്തട വികസന പദ്ധതിയുടെ നിര്‍മാണ കമ്മിറ്റി യോഗം ബഹളത്തില്‍ കലാശിച്ചതോടെ നീര്‍ത്തട പദ്ധതി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പദ്ധതിയില്‍ വന്‍ ക്രമക്കേട് ആരോപിച്ച് യോഗം നടന്ന വീടിനുമുമ്പില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വഴി തടയുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് 12ന് കല്‍ക്കുണ്ട് അട്ടിയിലാണ് സംഭവം. രണ്ടുവര്‍ഷം മുമ്പാണ് മണ്ണ് സംരക്ഷണ വകുപ്പ് കല്‍ക്കുണ്ട് മേഖലയിലെ 1920 ഹെക്ടര്‍ കൃഷിയിടത്തില്‍ മണ്ണ് സംരക്ഷണ നീര്‍ത്തടവികസന പദ്ധതി ആരംഭിച്ചത്. 1.84 കോടി രൂപ ചെലവില്‍ നബാര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതിദത്ത കല്ലുകളുപയോഗിച്ച് തോട്ടങ്ങളില്‍ കൈയാലകള്‍ നിര്‍മിക്കുക, ചോലകള്‍, അരുവികള്‍, തോടുകള്‍ എന്നിവയില്‍ കല്ലുകള്‍ കൊണ്ട് തടയണകള്‍ കെട്ടുക, കുളങ്ങള്‍ പണിയുക എന്നിവ വഴി മണ്ണൊലിപ്പ് തടയലും നീര്‍ത്തടം സംരക്ഷിക്കലുമാണ് ലക്ഷ്യം. കമ്മിറ്റി തീരുമാനിക്കും മുമ്പുതന്നെ കണ്‍വീനര്‍ തടയണ നിര്‍മാണം തുടങ്ങിയെന്നാരോപിച്ച് സമിതിയിലെ ചിലര്‍ രംഗത്തുവന്നിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ചൊവ്വാഴ്ച നടന്ന യോഗം അലങ്കോലപ്പെട്ടത്. കണ്‍വീനറെ മാറ്റണമെന്നും ഒ.പി. അബൂബക്കറിന്‍െറ നേതൃത്വത്തിലുള്ള വിഭാഗം ആവശ്യപ്പെട്ടു. രണ്ട് വിഭാഗമായി തിരിഞ്ഞ് വാഗ്വാദവും നടന്നു. ഇതോടെ മണ്ണ് സംരക്ഷണ ഓഫിസര്‍ സൗദ നാലകത്ത് ഇടപെട്ട് യോഗം പിരിച്ചുവിടുകയായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് പദ്ധതി നടത്തിപ്പ് മേയ് 25 വരെ നിര്‍ത്തിവെച്ചതായും അവര്‍ അറിയിച്ചു. മറ്റു സ്ഥലങ്ങളിലെ പദ്ധതികള്‍ 90 ശതമാനം പൂര്‍ത്തിയായെങ്കിലും കരുവാരകുണ്ടിലേത് 47 ശതമാനം പോലുമായിട്ടില്ളെന്നും മഴക്കാലത്തിന് മുമ്പ് തടയണകള്‍ കെട്ടിയില്ളെങ്കില്‍ പദ്ധതി ഒരുവര്‍ഷം കൂടി നീളുമെന്നും സൗദ പറഞ്ഞു. തടയണകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗം തീരുമാനിച്ചതാണ്. കോടതിയുടെ അംഗീകാരമുള്ള കമ്മിറ്റിയോടുള്ള എതിര്‍പ്പ് രാഷ്ട്രീയപ്രേരിതമാണെന്നും കണ്‍വീനര്‍ മാത്യു സെബാസ്റ്റ്യന്‍ കുരിശുമ്മൂട്ടില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.