തിരൂര്‍: തിരൂരിലെ ഗ്രാമീണ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് വംശനാശം. പുറത്തൂര്‍, തൃപ്രങ്ങോട്, തിരുനാവായ, ഇരിങ്ങാവൂര്‍, വെട്ടം റൂട്ടുകളില്‍ നിന്നെല്ലാം ‘ആന വണ്ടികള്‍’ ഇല്ലാതായി. മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍ ഭാഗങ്ങളില്‍ നിന്നും പൊന്നാനിയില്‍ നിന്നും വരുന്ന ബസുകള്‍ മാത്രമാണ് ഇപ്പോള്‍ തിരൂരിലത്തെുന്നത്. മംഗലം-കൂട്ടായി വഴി അഴിമുഖത്തേക്കുള്ള ബസ് മാത്രമാണ് ഗ്രാമീണ മേഖലയില്‍ അവശേഷിക്കുന്നത്. ലാഭകരമായി നടന്നിരുന്ന ഗ്രാമീണ സര്‍വിസുകളെല്ലാം ഒന്നൊന്നായി കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കുകയായിരുന്നു. പുറത്തൂരിലേക്ക് നാല് ബസുകളാണ് സര്‍വിസ് നടത്തിയിരുന്നത്. വെട്ടം ചീര്‍പ്പ് റൂട്ടില്‍ രണ്ട് സര്‍വീസുണ്ടായിരുന്നു. തൃപ്രങ്ങോട്, ഹനുമാന്‍കാവ് എന്നിവിടങ്ങളിലേക്കും ഏറെക്കാലം ആന വണ്ടിയോടി. ഇരിങ്ങാവൂര്‍ വഴി വളാഞ്ചേരിയിലേക്കും തിരുനാവായ വഴി കുറ്റിപ്പുറത്തേക്കും താനൂര്‍-പരപ്പനങ്ങാടി-ചാലിയം റൂട്ടിലും വണ്ടികളുണ്ടായിരുന്നു. തിരൂരില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് ആരംഭിച്ചതിനോടനുബന്ധിച്ചായിരുന്നു ഗ്രാമീണ മേഖലകളിലേക്ക് സര്‍വിസുകള്‍ തുടങ്ങിയത്. മിക്ക സര്‍വീസുകള്‍ക്കും മികച്ച വരുമാനമുണ്ടായിരുന്നു. എന്നാല്‍ പല ഘട്ടങ്ങളിലായി ഇത്തരം സര്‍വിസുകള്‍ നിര്‍ത്തുകയായിരുന്നു. മലപ്പുറം ഡിപ്പോക്ക് കീഴിലാണ് മിക്ക സര്‍വിസുകളുമുണ്ടായിരുന്നത്. മലപ്പുറത്തെ ബസ് ക്ഷാമം ചൂണ്ടിക്കാട്ടിയാണ് പലപ്പോഴായി തിരൂരില്‍ നിന്ന് ബസുകള്‍ പിന്‍വലിച്ചത്. യാത്രക്കാരോ ജനപ്രതിനിധികളോ ഇടപെടാതിരുന്നതിനാല്‍ അധികൃതര്‍ പിന്നെ സര്‍വിസ് അനുവദിച്ചതുമില്ല. മലപ്പുറം-പാലക്കാട് റൂട്ടില്‍ തിരൂരിലേതിനേക്കാള്‍ വരുമാനം ലഭിക്കുന്നതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രാമീണ മേഖലകളിലേക്ക് സര്‍വിസ് ലഭ്യമാക്കുമെന്നാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് ആരംഭിക്കുമ്പോള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. ചമ്രവട്ടം പാലം വഴിയുള്ള ദീര്‍ഘദൂര ബസുകളുടെ നിയന്ത്രണ കേന്ദ്രം മാത്രമായി തിരൂര്‍ എസ്.എം ഓഫിസ് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.