തിരൂരിലെ ശുദ്ധജല പൈപ്പ് ലൈന്‍ മാറ്റല്‍ അവസാന ഘട്ടത്തിലേക്ക്

തിരൂര്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള തിരൂരിലെ ശുദ്ധജല വിതരണ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. കൊടക്കലില്‍ നിന്ന് തുടങ്ങിയ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തിരൂരിലത്തെി. ഒമ്പത് കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പൈപ്പ് സ്ഥാപിക്കുന്നത്. തിരുനാവായ പമ്പിങ് സ്റ്റേഷനില്‍ നിന്ന് തിരൂരിലെ ശുദ്ധീകരണ പ്ളാന്‍റിലേക്ക് വെള്ളമത്തെിക്കുന്ന പമ്പിങ് ലൈനാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കൊടക്കലില്‍ നിലവിലുള്ള ലൈനിനോട് കൂട്ടിയോജിപ്പിക്കലും തിരൂരില്‍ ജില്ലാ ആശുപ്രത്രി റോഡിനുകുറുകെ ശുദ്ധീകരണ പ്ളാന്‍റിലേക്ക് പൈപ്പ് എത്തിക്കലുമാണ് ഇനി അവശേഷിക്കുന്നത്. നഗരസഭാ ഓഫിസ് പരിസരം വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. അവശേഷിക്കുന്ന പ്രവൃത്തി ഈ മാസത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നാല് പതിറ്റാണ്ടോളം പഴക്കമുള്ളതാണ് തിരൂരിലെ ജലവിതരണ ശൃംഖല. കാലപ്പഴക്കം മൂലം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയുകയാണ് നവീകരണത്തിന്‍െറ പ്രധാന ലക്ഷ്യം. പൈപ്പ് തകര്‍ന്ന് വെള്ളം ഒലിക്കുന്നതും ഗതാഗതം മുടങ്ങുന്നതും തിരൂരില്‍ പതിവ് സംഭവമാണ്. പലപ്പോഴും ജലവിതരണം ദിവസങ്ങളോളം തടസ്സപ്പെടുകയും ചെയ്യും. നിലവിലുള്ളതിനേക്കാള്‍ വണ്ണമുള്ള പൈപ്പുകളായതിനാല്‍ കൂടുതല്‍ വെള്ളമത്തെിക്കാനാകുമെന്ന സവിശേഷതയുമുണ്ട്. പുതിയ പൈപ്പ് 400 എം.എം വ്യാപ്തിയുള്ളതാണ്. ഡക്റ്റയില്‍ അയേണ്‍ പൈപ്പായതിനാല്‍ കൂടുതല്‍ ഈട് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാന്‍ ജലവിഭവ വകുപ്പ് ആവിഷ്കരിച്ച 20 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തീകരണത്തോട് അടുക്കുന്നത്. ശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജലവിതരണ ശൃംഖല മാറ്റി സ്ഥാപിക്കലാണ് രണ്ടാം ഘട്ടം. അഞ്ച് കിലോമീറ്ററോളം നീളമുള്ളതാണ് പ്രധാന ജലവിതരണ ശൃംഖല. മൂന്നാം ഘട്ടത്തില്‍ പമ്പിങ് മോട്ടോറും ട്രാന്‍സ്ഫോര്‍മറും മാറ്റും. തിരൂര്‍ നഗരസഭക്കുപുറമെ തലക്കാട്, ചെറിയമുണ്ടം, താനാളൂര്‍, നിറമരുതൂര്‍, പൊന്‍മുണ്ടം പഞ്ചായത്തുകളിലേക്കും തിരൂരില്‍ നിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.