പുലാമന്തോളിലെ തണ്ണീര്‍തടം നികത്തലിനെതിരെ നാട്ടുകാര്‍ രംഗത്ത്

പുലാമന്തോള്‍: തണ്ണീര്‍തടം നികത്തിയെടുക്കാന്‍ അനുമതിക്ക് അപേക്ഷിച്ചവര്‍ക്കെതിരെ നാട്ടുകാരുടെ പരാതി. പുലാമന്തോള്‍ നിവാസികളാണ് ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞദിവസം പരാതി നല്‍കിയത്. പുലാമന്തോള്‍ ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിന് സമീപത്തെ തണ്ണീര്‍തട ഭൂമി തരം മാറ്റിയെടുക്കാനായി സ്ഥലം ഉടമകളായ 12 പേര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. മുഖ്യമന്ത്രി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയില്‍മേല്‍ സ്ഥലം ഉടമകളെ നേരില്‍ കേള്‍ക്കാനായി ബുധനാഴ്ച 11ന് ജില്ലാ കലക്ടര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ താലൂക്ക് പുലാമന്തോള്‍ വില്ളേജില്‍ 34 /3 സര്‍വേ നമ്പറിലുള്ള രണ്ട് ഏക്കര്‍ വരുന്ന തണ്ണീര്‍തട ഭൂമി നികത്തിയെടുക്കാന്‍ ഭൂമാഫിയ ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു. ഭൂമി നികത്തിയെടുക്കുന്നതിനെതിരെ പുലാമന്തോള്‍ വില്ളേജ് ഓഫിസര്‍, കൃഷിഭവന്‍ ഓഫിസര്‍ എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും പറയപ്പെടുന്നു. ഇതിനെ മറികടക്കാനാണ് വീട് വെക്കാനെന്ന വ്യാജ്യേന 12 പ്ളോട്ടുകളാക്കി വിവിധ വ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തശേഷം മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, അപേക്ഷകരെല്ലാം സ്വന്തമായി വീടും കരഭൂമിയും സാമ്പത്തിക ഭദ്രതയുള്ളവരാണെന്നും പരാതിക്കാര്‍ പറയുന്നു. നിലവിലെ ജില്ലാ കലക്ടര്‍ സ്ഥലം മാറി പോവുന്ന തിരക്കിലായത് കാരണം ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഹിയറിങ് നടക്കാതെ പോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.