എടപ്പാളില്‍ വസ്ത്രനിര്‍മാണ യൂനിറ്റും ബൈക്കുകളും കത്തിനശിച്ചു

എടപ്പാള്‍: ദുരൂഹ സാഹചര്യത്തില്‍ വര്‍ക്ഷോപ്പിന് മുന്നിലെ ബൈക്കുകളും വസ്ത്രനിര്‍മാണ യൂനിറ്റും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. എടപ്പാള്‍ ജങ്ഷനിലെ തൃശൂര്‍ റോഡില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം കരിമ്പനക്കുന്ന് റോഡിലെ വര്‍ക്ഷോപ്പിന് മുന്നിലുണ്ടായിരുന്ന ബൈക്കുകളും അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മാണ യൂനിറ്റുമാണ് ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പൂര്‍ണമായി കത്തിനശിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന അഞ്ചു ബൈക്കുകളും റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ യൂനിറ്റിലെ 13 തയ്യല്‍ യന്ത്രങ്ങള്‍, തുണിത്തരങ്ങള്‍, കട്ടിങ് ടേബിള്‍, 21,000 രൂപ എന്നിവയാണ് കത്തിനശിച്ചത്. ചുരിദാര്‍, മാക്സി എന്നിവ നിര്‍മിക്കുന്ന വസ്ത്ര നിര്‍മാണ യൂനിറ്റാണിത്. വെങ്ങിനിക്കര കണ്ണത്ത് ഇന്ദിരയുടെ ഉടമസ്ഥതയില്‍ പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പതിനഞ്ചോളം സ്ത്രീ തൊഴിലാളികള്‍ ജോലിചെയ്തുവരുന്നുണ്ട്. വിഷു വിപണിയിലേക്ക് എത്തിക്കുന്നതിനായി തയാറാക്കിയ നിരവധി മാക്സികളും ചുരിദാറുകളും ഉള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. സ്വര്‍ണാഭരണം വാങ്ങുന്നതിനായി സൂക്ഷിച്ച 21,000 രൂപയാണ് കത്തിനശിച്ചത്. കാലടിത്തറ സ്വദേശി രവിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ഷോപ്പ്. പത്രമെടുക്കാന്‍ എടപ്പാളിലേക്ക് ഓട്ടോറിക്ഷയില്‍ വരികയായിരുന്ന വട്ടംകുളം വെള്ളറമ്പ് സ്വദേശി രതീഷ്, ബിയ്യം സ്വദേശികളായ ബിലാല്‍, റഫീഖ് എന്നിവരാണ് തീപിടിത്തം ആദ്യം കണ്ടത്. ഓടിയത്തെിയ രതീഷും സുഹൃത്തുക്കളും തൊട്ടടുത്ത ലോഡ്ജിലെ താമസക്കാരെ വിളിച്ചുണര്‍ത്തി അവിടെയുണ്ടായിരുന്ന വെള്ളം കൊണ്ടുവന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പൊന്നാനിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചങ്ങരംകുളം പൊലീസ് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.