കൈക്കൂലി: സസ്പെന്‍ഷന്‍ സ്ഥലംമാറ്റത്തില്‍ ഒതുക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ

മഞ്ചേരി: റീസര്‍വേ നടത്തിയതില്‍ അപാകത നിലനില്‍ക്കുന്ന നറുകരയില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തത് സ്ഥലംമാറ്റത്തില്‍ ഒതുക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ. നറുകര സ്പെഷല്‍ വില്ളേജ് ഓഫിസറും എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയുമായ എ.പി. അബ്ബാസ്, ഏറനാട് താലൂക്ക് സര്‍വേ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ജയകുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഭൂവുടമയില്‍നിന്ന് പണം ചോദിച്ച് വാങ്ങുന്നതിന്‍െറ ശബ്ദവും ദൃശ്യങ്ങളും സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു. ഇതിനുപുറമെ കൂടുതല്‍ തെളിവ് പുറത്തുവരികയും കൈക്കൂലി നല്‍കിയവര്‍ അക്കാര്യം മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിച്ചയുടന്‍ ജില്ലാ കലക്ടര്‍ നടപടിയെടുക്കാതെ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണുണ്ടായത്. പുതിയ കലക്ടര്‍ ചുമതലയേറ്റ ശേഷമാണ് നടപടി വന്നത്. ആരോപണവിധേയരായ രണ്ടുപേരെയും സ്ഥലം മാറ്റി എതിര്‍പ്പ് ശമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ആരോപണവിധേയരായവര്‍ ഏത് ഓഫിസില്‍ ജോലി ചെയ്താലും ഉപരോധമേര്‍പ്പെടുത്തുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2015 ഏപ്രില്‍ ഒന്നിന് ഇവിടെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും അടിമുടി അപാകതകളാണ്. ഇത് ശരിയാക്കാനെന്ന പേരില്‍ ഭൂവുടമകളില്‍നിന്ന് സ്പെഷല്‍ വില്ളേജ് ഓഫിസര്‍ പണം വാങ്ങുകയാണെന്നും ചില പൊതുപ്രവര്‍ത്തകര്‍ ഏജന്‍റായി പ്രവര്‍ത്തിക്കുകയാണെന്നും പരാതിയുയര്‍ന്നിരുന്നു. വില്ളേജ് ഓഫിസര്‍ക്കും സര്‍വേ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍റായി പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെയും നിയമനടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.