വിവിധ കേസുകളില്‍ പ്രതികളായ യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍

വളാഞ്ചേരി: നാലുകിലോ കഞ്ചാവുമായി രണ്ടുപേരെ വളാഞ്ചേരി പൊലീസ് പിടികൂടി. വളാഞ്ചേരി തിണ്ടലം വടക്കുംപുറം സ്വദേശി കൊടശ്ശേരി വീട്ടില്‍ അബ്ദുല്‍ അമീര്‍ (29), ഒറ്റപ്പാലം പനമണ്ണ സ്വദേശി മൂച്ചിക്കല്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (19) എന്നിവരെയാണ് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ് കുമാറും സംഘവും പിടികൂടിയത്. വട്ടപ്പാറയില്‍ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. വളാഞ്ചേരിയില്‍നിന്ന് കഞ്ഞിപ്പുരയിലേക്ക് ബൈക്കില്‍ കഞ്ചാവുമായി പോകുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിരവധി വീട് കവര്‍ച്ചാക്കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുല്‍ അമീര്‍ ചെര്‍പ്പുളശ്ശേരി എസ്.ഐയെ തലക്കടിച്ച് വീഴ്ത്തി അഞ്ച് പവന്‍ മാല കവര്‍ന്ന കേസിലും തവളഞ്ചിറയില്‍ വയോധികയെ വീട്ടില്‍ക്കയറി കെട്ടിയിട്ടശേഷം മാനഭംഗപ്പെടുത്തി സ്വര്‍ണം മോഷ്ടിച്ച കേസിലും പ്രതിയാണ്. വളാഞ്ചേരി, കല്‍പ്പകഞ്ചേരി, പഴയൂര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. തടവ് കഴിഞ്ഞ് ഈയിടെയാണ് പുറത്തിറങ്ങിയത്. തിരൂരില്‍നിന്ന് ഗോഡൗണ്‍ കുത്തിത്തുറന്ന് 15 ലക്ഷം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച കേസിലെ പ്രതിയാണ് സാദിഖ്. ഇരുവരും ജയിലില്‍വെച്ച് പരിചയപ്പെട്ടതാണ്. വളാഞ്ചേരിയിലും പരിസരത്തും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍, സി.പി.ഒ രതീഷ്, ആന്‍റി നാര്‍കോട്ടിക് സ്ക്വാഡംഗങ്ങളായ കെ. ജയപ്രകാശ്, അബ്ദുല്‍ അസീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.