മലപ്പുറം: ജില്ലയില്‍ ബാലവിവാഹവും ലൈംഗിക ചൂഷണവും വര്‍ധിക്കുന്നതായി ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട്. 2015ല്‍ 103 ബാലവിവാഹങ്ങളാണ് ജില്ലാ ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016 മാര്‍ച്ച് വരെ 17 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ 165 കുട്ടികള്‍ ജില്ലയില്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മാര്‍ച്ച് വരെ 35 കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി. കുട്ടികളെ പീഡനത്തിനിരയാക്കിയവരില്‍ അധികവും അയല്‍വാസികള്‍, രണ്ടാനച്ഛന്‍മാര്‍, അധ്യാപകര്‍ എന്നിവരാണ്. കുട്ടികള്‍ പീഡനത്തിനിരയായ വിവരം ചൈല്‍ഡ്ലൈനില്‍ അറിയിച്ച് നിയമസഹായം ഉറപ്പാക്കാന്‍ മുന്‍കൈ എടുക്കുന്നതും അധ്യാപകര്‍, അയല്‍ക്കാര്‍, രക്ഷിതാക്കള്‍ എന്നിവരാണ്. കുട്ടികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ 1098 ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ചൈല്‍ഡ്ലൈനില്‍ അറിയിക്കാം. വര്‍ധിക്കുന്ന ബാലവിവാഹത്തിനെതിരെ സാമൂഹികനീതി വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും ‘കുട്ടി കല്യാണത്തിനെതിരെ രണ്ട് വരി’ എന്ന പേരില്‍ കാമ്പയിന്‍ നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാലവിവാഹത്തിനെതിരെയുള്ള കാമ്പയിനിലേക്ക് ആശയങ്ങള്‍ കൈമാറാം. ബാലവിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന അവധിക്കാലത്ത് പൊതുജനങ്ങളെ ബോധവത്കരിക്കുകയും ബാലവിവാഹം തടയാന്‍ നടപടി ശക്തമാക്കുകയുമാണ് ലക്ഷ്യം. തപാല്‍/ഇ-മെയില്‍/വാട്സ്ആപ് മുഖേനയോ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസില്‍ നേരിട്ടോ ഏപ്രില്‍ 12നകം ആശയങ്ങള്‍ നല്‍കാം. സ്ളോഗന്‍, കവിത, കാര്‍ട്ടൂണ്‍, പെയിന്‍റിങ്, രണ്ട് വരി കവിത, വാക്യം എന്നിവ അയക്കാം. രണ്ട് വരിയില്‍ ആശയം വ്യക്തമാക്കണം. ഇംഗ്ളീഷിലോ മലയാളത്തിലോ നല്‍കാം. പങ്കെടുക്കുന്ന വ്യക്തിയുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. വ്യക്തിവിവരം പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ ബാലവിവാഹത്തിനെതിരെയുള്ള മലപ്പുറം മാതൃക എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിക്കും. വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മൂന്നാം നില, മിനി സിവില്‍സ്റ്റേഷന്‍ മഞ്ചേരി, മലപ്പുറം. വാട്സ്ആപ് നമ്പര്‍: 9446882775, 8891848684. ഫോണ്‍: 04832 978888. ഇ-മെയില്‍: dcpumpm@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.