സമഗ്ര വികസനമെന്ന് എം.എല്‍.എ; കുടിവെള്ളം കിട്ടാനില്ളെന്ന് പരാതി

താനൂര്‍: നാളിതുവരെ ഇല്ലാത്ത വികസന പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പാക്കിയെന്ന അവകാശവാദവുമായാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി മൂന്നാം അങ്കത്തിനിറങ്ങുന്നത്. ഫിഷിങ് ഹാര്‍ബര്‍, മത്സ്യഗ്രാമം, സിവില്‍ സ്റ്റേഷന്‍, ഗവ. കോളജ്, റെസ്റ്റ് ഹൗസ്, തൂവല്‍ തീരം, ഒട്ടുംപുറം ടൂറിസം പദ്ധതി തുടങ്ങി കോടികള്‍ ചെലവിട്ട പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിച്ചതായി എം.എല്‍.എ വിശദീകരിക്കുന്നു. എന്നാല്‍, മണ്ഡലത്തിന്‍െറ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണെന്ന് സി.പി.എം പറയുന്നു. മദ്യഷാപ്പുകളില്ലാത്ത സംസ്ഥാനത്തെ ഏക നിയോജകമണ്ഡലമാണെന്നാണ് അവകാശവാദം. താനൂര്‍-ദേവധാര്‍ മേല്‍പ്പാലം -28 കോടി, നിറമരുതൂര്‍ സ്കൂളിന് പുതിയ കെട്ടിടം -3.5 കോടി, പൊന്മുണ്ടം ബൈപാസ് നാലാംഘട്ടം -18 കോടി, താനൂര്‍ സി.എച്ച്. മുഹമ്മദ്കോയ ഗവ. കോളജില്‍ 14 ക്ളാസ്മുറികളുള്ള കെട്ടിടം പൂര്‍ത്തിയായി. അഞ്ച് കോടി രൂപ ചെലവില്‍ അക്കാദമിക് ബ്ളോക്ക്, ചെറിയമുണ്ടം പി.എച്ച്.സി, കനോലി കനാല്‍ നവീകരണം ഒന്നാംഘട്ടം പൂര്‍ത്തിയായി -11 കോടി, വട്ടത്താണി-പുത്തനത്താണി ബി.എം.സി റോഡ് -11 കോടി, ചെറിയമുണ്ടം ഐ.ടി.ഐക്ക് 2.5 ഏക്കര്‍ സ്ഥലമെടുത്തു, താനൂര്‍ മിനി സിവില്‍സ്റ്റേഷന്‍ -നാല് കോടി. ഇങ്ങനെയാണ് നടപ്പാക്കിയ പദ്ധതികളുടെ ചിത്രം എം.എല്‍.എ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, മറുപക്ഷം ഈ അവകാശവാദങ്ങളെ ഖണ്ഡിക്കുകയാണ്. മണ്ഡലത്തില്‍ ഇപ്പോഴും കുടിവെള്ളം കിട്ടാനില്ളെന്നും മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കാലങ്ങളായി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ളെന്നും ഇവര്‍ പറയുന്നു. വ്യവസായ മേഖലയില്‍ ചെറുവ്യവസായം പോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ളെന്നും പ്രതിപക്ഷം ആരോപിച്ചു. മണ്ഡലത്തിലെ അങ്കണവാടികള്‍ സ്ഥലവും കെട്ടിടവുമില്ലാതെ അനാഥമാണ്. താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച താനൂര്‍ സി.എച്ച്.സിയുടെ അവസ്ഥ ശോചനീയമാണ്. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന ഈ ആതുരാലയത്തില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചില്ല. താനൂരില്‍ മോര്യകാപ്പില്‍ ഒരു കാര്‍ഷിക പദ്ധതിയും കൊണ്ടുവന്നില്ല. എം.എല്‍.എ ഫണ്ട് രാഷ്ട്രീയ ലക്ഷ്യംവെച്ച് ചെലവഴിച്ചെന്നും താനൂരിലെ ഫിഷിങ് ഹാര്‍ബറും ദേവധാര്‍ മേല്‍പ്പാലവും മത്സ്യഗ്രാമ പദ്ധതിയും കനോലി കനാല്‍ വികസനവും തുടങ്ങിവെച്ചത് എല്‍.ഡി.എഫ് ഭരണകാലത്താണെന്നും ഇവര്‍ അവകാശപ്പെടുന്നു. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി താനൂരില്‍ നടപ്പായിട്ടില്ളെന്നും റോഡ് നിര്‍മാണം മാത്രമാണ് ചൂണ്ടിക്കാട്ടാനുള്ള ഏക നേട്ടമെന്നും ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.