ഭൂവുടമകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നത് ചാനല്‍ കാമറയില്‍ കുടുങ്ങി

മഞ്ചേരി: റീസര്‍വേ നടത്തിയതില്‍ വ്യാപക അപാകതകള്‍ നിലനില്‍ക്കുന്ന മഞ്ചേരി നറുകരയില്‍ നാട്ടുകാരുടെ ആരോപണങ്ങള്‍ ശരിവെച്ച് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് സ്വകാര്യ ചാനല്‍ കാമറയില്‍ കുടുങ്ങി. നറുകര സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എ.പി. അബ്ബാസ്, ഏറനാട് താലൂക്ക് സര്‍വേ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരുടെ ദൃശ്യങ്ങളും സംസാരവുമാണ് ചാനലില്‍. ഭൂവുടമയില്‍നിന്ന് പണം ചോദിച്ച് വാങ്ങുന്നതിന്‍െറ ശബ്ദവും ദൃശ്യങ്ങളും ചാനലില്‍ കണ്ട് നാട്ടുകാരും സംഘടനാ പ്രവര്‍ത്തകരും വില്ളേജ് ഓഫിസില്‍ പ്രതിഷേധവുമായത്തെി. ചാനലില്‍ പ്രചരിക്കുന്ന ദൃശ്യം വാട്സ്അപ് വഴി പ്രതിഷേധക്കാര്‍ അബ്ബാസിനെ കാണിച്ചെങ്കിലും അത് താനല്ളെന്നും ദൃശ്യത്തില്‍ കാണുന്ന ഷര്‍ട്ട് തനിക്കില്ളെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ദൃശ്യത്തിന് അനുബന്ധമായി ഭൂ ഉടമയോട് സംസാരിക്കുന്നതില്‍ അബ്ബാസ്ക്കയല്ളേ എന്ന ചോദ്യത്തിന് അതേയെന്ന് മറുപടി പറയുന്നതും ആദ്യം ചോദിച്ച 5,000 രൂപ കുറച്ച് 3,000 രൂപക്ക് തീരുമാനമാക്കി വാങ്ങുന്നതും വ്യക്തമാണ്. ചൊവ്വാഴ്ച രാവിലെ പത്തിനാണ് ചാനല്‍ വാര്‍ത്ത പ്രചരിച്ചത്. രാവിലെ 11ന് പ്രദേശത്തുകാര്‍ സംഘടിതരായി വില്ളേജ് ഓഫിസിലത്തെി മുദ്രാവാക്യം മുഴക്കി. അതോടെ മഞ്ചേരി പൊലീസും ഏറനാട് തഹസില്‍ദാറും സ്ഥലത്തത്തെി. തഹസില്‍ദാര്‍ വന്ന വാഹനത്തില്‍ അബ്ബാസിനെ കയറ്റികൊണ്ടുപോയി. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ ജോയന്‍റ് സെക്രട്ടറി കൂടിയാണ് അബ്ബാസ്. പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് തഹസില്‍ദാര്‍ വിശദാംശങ്ങളടക്കം റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തില്‍ നടപടിയെടുക്കണമെന്നാണ് താന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതെന്ന് തഹസില്‍ദാര്‍ അറിയിച്ചു. നറുകര വില്ളേജ് വിഭജിക്കണമെന്നാവശ്യപ്പെട്ട് പത്തുവര്‍ഷത്തിലേറെയായി സര്‍ക്കാറില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. അതിനിടയില്‍ 2015 ഏപ്രില്‍ ഒന്നിന് ഇവിടെ റീസര്‍വേ നടപടി പൂര്‍ത്തിയായി. റീസര്‍വേയില്‍ അടിമുടി അപാകതകളാണ്. യഥാര്‍ഥ ഉടമകളുടെ പേരിലല്ല വില്ളേജില്‍ ഭൂമി. നികുതിയടക്കാനും മറ്റു റവന്യൂ രേഖകള്‍ക്കും വില്ളേജില്‍ എത്തുമ്പോഴാണിത് അറിയുന്നത്. ഇത്തരത്തില്‍ 1,600 പരാതികള്‍ വില്ളേജില്‍ ലഭിച്ചിട്ടുണ്ട്. ഇത് ശരിപ്പെടുത്തി നല്‍കാന്‍ എന്ന പേരില്‍ ഭൂഉടമകളില്‍നിന്ന് വ്യാപകമായി പണം വാങ്ങുന്നതായി ഏതാനും മാസങ്ങളായി പരാതികളുണ്ട്. എന്നാല്‍, ഭൂരേഖകള്‍ ശരിയാക്കികിട്ടാന്‍ പണം നല്‍കിയവര്‍ പരാതി നല്‍കാന്‍ തയാറായിരുന്നില്ല. അതേസമയം, ചാനല്‍ ദൃശ്യത്തില്‍ കാണുന്നത് സര്‍വേ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്നും പണം വാങ്ങുന്നത് താനല്ളെന്നും നറുകര സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എ.പി. അബ്ബാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ചിലര്‍ക്ക് വ്യക്തിപരമായ വിരോധമുള്ളത് ഇതിനിടയില്‍ തീര്‍ക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.