റോഡ് തകര്‍ച്ച; പുലാമന്തോളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

പുലാമന്തോള്‍: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ പുലാമന്തോള്‍ ടൗണില്‍ ഗതാഗതം ദുഷ്കരമാവുന്നു. പുലാമന്തോള്‍ ബസ്സ്റ്റാന്‍ഡ് കോംപ്ളക്സ് മുതല്‍ കുന്തിപ്പുഴ പാലംവരെയുള്ള അരക്കിലോമീറ്ററിലധികം വരുന്ന റോഡിനിരുവശവും തകര്‍ന്നതാണ് ഗതാഗതം ദുഷ്കരമാവാന്‍ കാരണം. റോഡരികുകളില്‍ വലിയ കല്ലുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കുമായത്തെുന്ന വലിയ വാഹനങ്ങളും നിര്‍ത്തിയിടുന്നത് റോഡരികിലാണ്. പട്ടാമ്പി-പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും നിര്‍ത്തിയിടുന്നതും ഇവിടെ തന്നെ. ഇതോടെ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാനാവുന്നില്ല. കഴിഞ്ഞദിവസം രാത്രി എട്ടിന് ചരക്ക് ലോറി റോഡില്‍ കുടുങ്ങിയതോടെ ഒരു മണിക്കൂറോളം സമയമാണ് ഗതാഗതം സ്തംഭിച്ചത്. പുലാമന്തോള്‍ ടൗണില്‍ പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡുകളില്‍ കുന്തിപ്പുഴ പാലം മുതല്‍ പുലാമന്തോള്‍ ബസ്സ്റ്റാന്‍ഡ് കോംപ്ളക്സ് വരെയുള്ള ഇരു ഭാഗങ്ങളില്‍ നടപ്പാത പണിയാനും ഓവുചാല് നിര്‍മാണത്തിന് മുമ്പ് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, ഇതേ സമയത്താണ് സംസ്ഥാനപാതയില്‍ പെരിന്തല്‍മണ്ണ മുതല്‍ പെരുമ്പിലാവ് വരെയുള്ള 41 കിലോമീറ്റര്‍ റോഡിന്‍െറ നവീകരണവുമായി കെ.എസ്.ടി.പി രംഗത്തുവന്നത്. ലോക ബാങ്ക് സഹായത്തോടെ സംസ്ഥാനപാതയിലെ അപകട വളവുകള്‍ നിവര്‍ത്തി നവീകരിക്കാനായിരുന്നു പരിപാടി. ഇതോടെ പുലാമന്തോള്‍ ടൗണ്‍ നവീകരണ പദ്ധതി മാറ്റിവെക്കുകയാണുണ്ടായതെന്നും പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.