വണ്ടൂര്‍: ചെറുകോട് തത്തംപറമ്പ് കുടിവെള്ള പദ്ധതിയുടെ പേരില്‍ 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. പഞ്ചായത്ത് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ വിവരാവകാശ പ്രകാരം ശേഖരിച്ച രേഖകളിലാണ് നടക്കാത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി കാണിച്ച് പണം വാങ്ങിയിട്ടുള്ളത്. പ്രവൃത്തി പൂര്‍ത്തീകരിച്ചതായി കാണിച്ച് രേഖകളില്‍ കണ്‍വീനറും ഡിവിഷനല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറും ഒപ്പും സീലും രേഖകപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31നകം പ്രവൃത്തി പൂര്‍ത്തീകരിച്ചതായാണ് വിവരാവകാശ രേഖകളില്‍ പറയുന്നത്. എന്നാല്‍, 20 വര്‍ഷം മുമ്പ് സ്ഥാപിച്ച ഉപയോഗമില്ലാത്ത കുഴല്‍ കിണറിനടുത്ത് ഒരു ടാങ്ക് കൊണ്ടുവന്ന് വെച്ച് ഫോട്ടോ എടുത്തുപോയതായും പ്രദേശത്ത് അല്‍പം പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പൗരസമിതി നല്‍കിയ പരാതിയില്‍ പറയുന്നു. പഞ്ചായത്ത് പൗരസമിതിയുടെ പരാതിയെ തുടര്‍ന്നാണ് പൂര്‍ത്തിയാക്കാത്ത പ്രവൃത്തി അധികൃതര്‍ വീണ്ടും ആരംഭിച്ചത്. പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പറയുന്ന ഫൈനല്‍ ബില്ലില്‍ കണ്‍വീനറടക്കം ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍, പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടില്ളെന്നും മുഴുവന്‍ തുകയും വാങ്ങിയതിനെക്കുറിച്ച് ഒന്നും അറിയില്ളെന്നും കണ്‍വീനര്‍ പത്തുതറ അബ്ദുറഹ്മാന്‍ പ്രതികരിച്ചു. എന്നാല്‍, പരാതികള്‍ നല്‍കി തട്ടിപ്പ് പുറത്തായപ്പോള്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നതെന്നും കുറ്റക്കാരായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൗരസമിതി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി ഇസ്ഹാഖ് പോരൂര്‍, കെ. കമറുദ്ദീന്‍, കെ.ടി. ഷംസുദ്ദീന്‍, കെ. അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.