രോഗപ്രതിരോധ ശേഷി നൂറ് ശതമാനമാക്കാന്‍ കര്‍മപദ്ധതി

മലപ്പുറം: ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുത്തിവെപ്പ്-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ആറ് മാസത്തിനകം ജില്ലയില്‍ പ്രതിരോധ ശേഷി നൂറ് ശതമാനമാക്കാനുമുള്ള ഊര്‍ജിതപദ്ധതിക്ക് ജില്ലാതല കര്‍മസമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാടിന്‍െറ അധ്യക്ഷതയില്‍ എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുനില്‍ കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സംസ്ഥാനതല നോഡല്‍ ഓഫിസര്‍ ഡോ. സന്തോഷ് കുമാര്‍, സ്റ്റേറ്റ് എപിഡമിക് ഓഫിസര്‍ ഡോ. സുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കര്‍മ പദ്ധതിയുടെ ആദ്യഘട്ടം സെപ്റ്റംബര്‍ 21 ന് ആരംഭിച്ചു. ഈ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെയും മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നടത്താന്‍ നടപടി സ്വീകരിക്കുന്നുണ്ട്. കൂടാതെ ആശാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വീടുകള്‍ കയറിയിറങ്ങി 16 വയസ്സില്‍ താഴെയുള്ള കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ പട്ടിക തയാറാക്കും. പ്ളസ് ടു വരെയുള്ള സ്കൂളുകളില്‍നിന്ന് കുത്തിവെപ്പ് എടുക്കാത്തവരുടെ പട്ടിക അധ്യാപകര്‍ തയാറാക്കി നല്‍കും. തീരെ കുത്തിവെപ്പ് എടുക്കാത്ത 16 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും മൂന്ന് ഡോസ് ടി.ഡി വാക്സിനും ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്ക് ഒരു ഡോസ് ടി.ഡി വാക്സിനും നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.