"പുതിയ കെട്ടിടം ഞങ്ങള്‍ക്ക് വേണം സര്‍'

തിരൂര്‍: തിരൂര്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയിലുള്‍പ്പെടുത്തി ബി.പി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന് ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ തമ്മില്‍ പിടിവലി. നാലുമുറി കെട്ടിടത്തില്‍ ഇടം തേടിയാണ് ഇരു വിഭാഗവും രംഗത്തത്തെിയത്. സ്കൂളില്‍ തുടങ്ങുന്ന മള്‍ട്ടി ലാംഗ്വേജ് ലാബ് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ചൊവ്വാഴ്ച സ്കൂളിലത്തെിയ എം.എല്‍.എയെ ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ വളഞ്ഞുവെച്ചു. പ്രശ്നം പരിഹരിക്കാമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയ ശേഷമാണ് വിദ്യാര്‍ഥികള്‍ വിട്ടയച്ചത്. മള്‍ട്ടി ലാംഗ്വേജ് പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് എം.എല്‍.എയെ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ വളഞ്ഞത്. തങ്ങളുടെ ദുരിതങ്ങളാണ് ഇവര്‍ എം.എല്‍.എക്ക് മുന്നില്‍ നിരത്തിയത്. ഇരുവിഭാഗവും ക്ളാസ് മുറികളിലേക്ക് എം.എല്‍.എയെ കൂട്ടിക്കൊണ്ടുപോയി. ഹാളിലെ ദുരിതങ്ങളായിരുന്നു എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. എന്നാല്‍, പ്ളസ് വണ്‍ ബയോളജി ക്ളാസിലത്തെിയ എം.എല്‍.എക്ക് ചോര്‍ന്നൊലിക്കുന്ന കെട്ടിടമാണ് കാണാന്‍ സാധിച്ചത്. പഴഞ്ചന്‍ കെട്ടിടത്തിലെ മേല്‍ക്കൂരയിലൂടെ എലിയും മറ്റ് ഇഴജന്തുക്കളും ക്ളാസിലത്തെുന്നത് മുതല്‍ സ്കൂള്‍ വളപ്പിലെ പട്ടിക്കൂട്ടം ഉയര്‍ത്തുന്ന ഭീഷണി വരെ ഇവര്‍ അവതരിപ്പിച്ചു. ആവശ്യത്തിന് ക്ളാസ് മുറിയില്ലാത്തതിനാല്‍ പഠനം മുടങ്ങുന്നതായും പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. പെരുന്നാള്‍ അവധിക്കു ശേഷമുള്ള ചൊവ്വാഴ്ച പി.ടി.എ യോഗം വിളിക്കുമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നും എം.എല്‍.എ ഇവര്‍ക്ക് ഉറപ്പ് നല്‍കി. വേണമെങ്കില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കുന്നതുള്‍പ്പെടെ പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ അടങ്ങിയത്. ഒക്ടോബര്‍ ആറിന് പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സ്കൂളില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. 50 ലക്ഷം രൂപ ചെലവിലാണ് നാലു മുറി കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഇവിടേക്ക് എട്ടാം തരത്തിലെ നാലു ക്ളാസുകള്‍ മാറ്റാന്‍ ആഗസ്റ്റില്‍ ചേര്‍ന്ന പി.ടി.എ യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സ്കൂള്‍ ഹാളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഒരു ക്ളാസ് മുറിയാണ് ഹയര്‍ സെക്കന്‍ഡറി ആവശ്യപ്പെടുന്നത്. എട്ടാം ക്ളാസ് ഇവിടേക്ക് മാറ്റുമ്പോള്‍ ഹാള്‍ ഒഴിയുമെന്നും അവിടെ ഹയര്‍ സെക്കന്‍ഡറി ക്ളാസ് പ്രവര്‍ത്തിപ്പിക്കാമെന്നുമാണ് ഹൈസ്കൂള്‍ വിഭാഗം വാദിക്കുന്നത്. കെട്ടിടം നിര്‍മിച്ചിട്ടുള്ളത് ഹൈസ്കൂള്‍ ക്ളാസ് മുറിക്ക് അനുയോജ്യമായ രീതിയിലാണെന്നും ഇവര്‍ വാദിക്കുന്നു. തുറസായ മുറയില്‍ പ്ളസ് വണ്‍ ക്ളാസ് പ്രായോഗികമല്ളെന്ന് ഹയര്‍ സെക്കന്‍ഡറി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂളിലെ ക്ളാസ് മുറികളുടെ അഭാവം നേരത്തേ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ളെന്ന് സി. മമ്മുട്ടി എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്കൂള്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് നാലുമുറി കെട്ടിടത്തിന് പണം അനുവദിച്ചത്. കൂടുതല്‍ ക്ളാസ് മുറികള്‍ ആവശ്യമുള്ളത് അറിയിക്കാതിരുന്നത് സ്കൂള്‍ അധികൃതരുടെ വീഴ്ചയാണെന്നും എം.എല്‍.എ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.