കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് : ജില്ലയില്‍ എം.എസ്.എഫിന് മുന്‍തൂക്കം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മലപ്പുറം ജില്ലയിലെ കോളജുകളില്‍ നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മുന്‍തൂക്കം. നിരവധി കോളജുകളില്‍ എം.എസ്.എഫ് തനിച്ചുനേടിയപ്പോള്‍ ചിലയിടങ്ങളില്‍ കെ.എസ്.യുമായുള്ള യു.ഡി.എസ്.എഫ് സഖ്യവും വിജയിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തേതിലും നിലമെച്ചപ്പെടുത്തിയ എസ്.എഫ്.ഐ എട്ട് വര്‍ഷങ്ങള്‍ക്കുശേഷം മലപ്പുറം ഗവ. കോളജ് യൂനിയന്‍ തിരിച്ചുപിടിച്ചു. എം.എസ്.എഫിനെതിരെ പലകോളജുകളിലും കെ.എസ്.യു-എസ്.എഫ്.ഐ സഖ്യവും പരീക്ഷിക്കപ്പെട്ടു. മമ്പാട് എം.ഇ.എസ് ഉള്‍പ്പെടെ അപൂര്‍വം കോളജുകളില്‍ ഈ കൂട്ടുകെട്ട് നേട്ടമുണ്ടാക്കി. എം.എസ്.എഫിന് 52ഉം എസ്.എഫ്.ഐക്ക് 17 ഉം കെ.എസ്.യുവിന് 11 ഉം യു.യു.സിമാരെ ലഭിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ, കൊണ്ടോട്ടി ഇ.എം.ഇ.എ, നിലമ്പൂര്‍ അമല്‍, വേങ്ങര മലബാര്‍, കോട്ടക്കല്‍ ഫാറൂഖ്, പുറമണ്ണൂര്‍ മജ്ലിസ്, തവനൂര്‍ മൗലാന, തിരുനാവായ ഖിദ്മത്ത്, ചേറൂര്‍ പി.പി.ടി.എം, കൊണ്ടോട്ടി ബ്ളോസം, വാഴക്കാട് ദാറുല്‍ ഉലൂം, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, വള്ളുവമ്പ്രം എം.ഐ, ചെറുകുളമ്പ് ഐ.കെ.ടി.എം, തിരൂര്‍ക്കാട് നസ്ര, അങ്ങാടിപ്പുറം എം.ഇ.എസ്, കൊളത്തൂര്‍ പ്രവാസി, പെരിന്തല്‍മണ്ണ എം.എസ്.ടി.എം, കുനിയില്‍ അന്‍വാര്‍, എടവണ്ണ ജാമിഅ, കുഴിമണ്ണ റീജനല്‍, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം, മരവട്ടം ഗ്രേസ്വാലി, വളാഞ്ചേരി കെ.എം.സി.ടി, വളാഞ്ചേരി കെ.ആര്‍.എസ്, കരുവാരകുണ്ട് നജാത്ത് എന്നിവിടങ്ങളില്‍ തനിച്ച് യൂനിയന്‍ ഭരണം ലഭിച്ചതായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. വളാഞ്ചേരി എം.ഇ.എസ്, പെരിന്തല്‍മണ്ണ പി.ടി.എം, രാമപുരം ജെംസ്, മങ്കട ഗവ. കോളജ്, പെരിന്തല്‍മണ്ണ ഐ.എസ്.എസ്, വണ്ടൂര്‍ സഹ്യ, തിരുവാലി ഹികമിയ്യ, പൂപ്പലം അല്‍ജാമിഅ എന്നിവിടങ്ങളില്‍ യു.ഡി.എസ്.എഫ് വിജയിച്ചു. കൊണ്ടോട്ടി ഗവ. കോളജ്, മമ്പാട് എം.ഇ.എസ്, മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി, വണ്ടൂര്‍ അംബേദ്കര്‍, അരീക്കോട് സുല്ലമുസ്സലാം തുടങ്ങി 14 കോളജുകളില്‍ ചെയര്‍മാന്‍ സ്ഥാനം ലഭിച്ചതായി കെ.എസ്.യു ജില്ലാ കമ്മിറ്റിയും അവകാശപ്പെട്ടു. മമ്പാട് എം.ഇ.എസില്‍ എം.എസ്.എഫിനെതിരെ കെ.എസ്.യുവുമായി കുട്ടുചേര്‍ന്ന എസ്.എഫ്.ഐക്ക് യു.യു.സി സ്ഥാനമുള്‍പ്പെടെ ലഭിച്ചു. മലപ്പുറം ഗവ. കോളജിന് പുറമെ തവനൂര്‍ ഗവ. കോളജ്, ചുങ്കത്തറ മാര്‍തോമ കോളജ്, അങ്ങാടിപ്പുറം എസ്.എന്‍.ഡി.പി, വളാഞ്ചേരി സഫ, തിരൂര്‍ ജെ.എം, പൊന്നാനി എം.ടി.എം തുടങ്ങിയ കോളജുകളില്‍ എസ്.എഫ്.ഐ ജയിച്ചു. ഇത്തവണ എം.എസ്.എഫിനെതിരായി പല കോളജുകളിലും കെ.എസ്.യു പ്രത്യക്ഷ നിലപാടെടുത്തിരുന്നു. ഇന്‍റര്‍സോണ്‍ കലോത്സവവേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.യുവും എം.എസ്.എഫും പരസ്പരം പോര്‍വിളിച്ച മമ്പാട് എം.ഇ.എസ് കോളജിലും പച്ചക്കോട്ടയായ മലപ്പുറം ഗവ. കോളജിലും കെ.എസ്.യുവിന്‍െറ അടവുനയം ഫലം കാണുകയും ചെയ്തു. തുടര്‍ച്ചയായി എട്ടുവര്‍ഷം എം.എസ്.എഫ് യൂനിയന്‍ ഭരിച്ച മലപ്പുറം ഗവ. കോളജില്‍ ഇത്തവണ കെ.എസ്.യു സഹായത്തോടെ ഒമ്പത് ജനറല്‍ സീറ്റില്‍ അഞ്ചെണ്ണവും എസ്.എഫ്.ഐ പിടിച്ചെടുത്തു. പാലേമാട് ശ്രീ വിവേകാനന്ദ കോളജില്‍ നടന്ന തെരഞ്ഞെടുപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.