ജില്ലയിലും തോട്ടം തൊഴിലാളി മേഖലയില്‍ ചൂഷണം

കാളികാവ്: ജില്ലയുടെ മലയോര മേഖലയിലെ മിക്ക വന്‍കിട തോട്ടങ്ങളിലും തൊഴിലാളികളുടെ അവസ്ഥ ദയനീയം. ദുരിതമവസാനിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ മോഡലില്‍ ജില്ലയിലെ തോട്ടങ്ങളിലും പ്രതിഷേധങ്ങളുയര്‍ന്നേക്കും. പല വന്‍കിട തോട്ടങ്ങളിലും തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ലയങ്ങള്‍ ജീര്‍ണാവസ്ഥയിലാണ്. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ടതിന്‍െറ കാലാവധി തീര്‍ന്നിട്ട് മാസങ്ങളായിട്ടും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് പോലും തയാറായിട്ടില്ല. പ്ളാന്‍േറഷന്‍ ആകട് പ്രകാരം പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ ഉടമകളുടെ സംഘടനയും (എ.പി.കെ) തൊഴിലാളി യൂനിയനുകളും തൊഴില്‍ വകുപ്പും ചേര്‍ന്നാണ് (പി.എല്‍.സി) കൂലി നിശ്ചയിക്കുന്നത്. 150 ഓളം രൂപയാണ് അടിസ്ഥാന കൂലി. 167 ഓളം രൂപ ഡി.എ യും ചേര്‍ത്ത് 317 രൂപയാണ് തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലി. ചില തോട്ടങ്ങളില്‍ പ്രാദേശികമായി ഉണ്ടാക്കിയ ചില കരാറുകളുടെ അടിസ്ഥാനത്തില്‍ മറ്റ് ചില ആനുകൂല്യങ്ങളുണ്ട്. എന്നാല്‍, മിക്ക തോട്ടങ്ങളിലും തൊഴിലാളികള്‍ക്ക് പി.എല്‍.സി തീരുമാനപ്രകാരം മാത്രമാണ് കൂലിയും ആനുകൂല്യങ്ങളും നല്‍കുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില കിട്ടിയ സാഹചര്യത്തില്‍ പോലും മറ്റ് തൊഴിലാളികളുടേത്പോലെ കൂലി കൂട്ടാന്‍ മാനേജ്മെന്‍േറാ സര്‍ക്കാറുകളോ തയാറായിട്ടില്ല. ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ തൊഴിലാളി യൂനിയനുകളും തയാറാകുന്നില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. യൂനിയന്‍ നേതാക്കളെ കൂട്ടുപിടിച്ചാണ് മാനേജ്മെന്‍റ് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളില്‍ കുറവ് വരുത്തുന്നത് എന്ന് ചില സ്വതന്ത്ര തൊഴിലാളി യൂനിയനുകള്‍ ആരോപിക്കുന്നു. സംസ്ഥാന തലത്തിലെ പി.എല്‍.സി അംഗങ്ങളേയും തോട്ടംഉടമകള്‍ വിലക്കെടുക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. സംഘടിത യൂനിയനുകളൊന്നുമില്ലാത്ത ചെറുകിട തോട്ടങ്ങളില്‍ 700 രൂപ വരെ കൂലി ഉയര്‍ന്നപ്പോഴും യൂനിയനുകള്‍ ശക്തമായ തോട്ടങ്ങളില്‍ 250 രൂപയായിരുന്നു കൂലി. മെഡിക്കല്‍ ആനുകൂല്യങ്ങളും താമസസൗകര്യവുമെല്ലാം വെട്ടിക്കുറച്ചാണ് തോട്ടം മേഖലയില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.