കല്ലക്കയത്തുനിന്ന് വെള്ളമൂറ്റുന്നതിനെതിരെ പ്രക്ഷോഭം

വേങ്ങര: കടലുണ്ടിപ്പുഴയില്‍ കല്ലക്കയത്തുനിന്ന് വിവിധ പദ്ധതികള്‍ക്കായി വന്‍ തോതില്‍ വെള്ളമൂറ്റുന്നതിനെതിരെ പ്രദേശവാസികള്‍ ബഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. വേങ്ങര, ഊരകം, പറവൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന നിര്‍ദിഷ്ട ജലനിധി പദ്ധതിക്ക് വേണ്ടി ജലം ശേഖരിക്കുന്നതും കല്ലക്കയത്തുനിന്നാണ്. ഇവിടെ തടയണ നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തടയണ നിര്‍മാണം പൂര്‍ത്തിയായാല്‍പോലും വന്‍ തോതില്‍ ജലമൂറ്റുന്നത് പ്രദേശത്ത് ജലലഭ്യത ഇല്ലാതാക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു. നിലവില്‍ പത്തോളം കുടിവെള്ള പദ്ധതികള്‍ക്ക് ജലം ശേഖരിക്കുന്നത് കല്ലക്കയത്തുനിന്നാണ്. അതിനാല്‍ ജലനിധി പദ്ധതിക്കുവേണ്ടി കടലുണ്ടിപ്പുഴയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് ജലശേഖരണം നടത്തണമെന്നാണ് ഇവരുടെ അഭിപ്രായം. ഇവിടെനിന്ന് ജലമൂറ്റുന്നതിനെതിരെ നേരത്തെ ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അതിനിടെ, പാര്‍ട്ടി സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുസ്ലിം ലീഗ് പ്രതിനിധി രാജിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്‍െറയും കണ്ണ് തുറപ്പിക്കാനായി ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിച്ചു. വേങ്ങര പുഴച്ചാലില്‍ നിന്നാരംഭിച്ച റാലിക്ക് കൗണ്‍സില്‍ കണ്‍വീനര്‍ കുഞ്ഞുമരക്കാര്‍ പാലാണി, പി. ഖാദര്‍കുട്ടി, കെ.എം. പറങ്ങോടന്‍, കെ.കെ. മുഹമ്മദ്, ഒ.പി. സെയ്തലവി ഹാജി, കെ.സി. യാസര്‍, എ.കെ. ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി. കുടിവെള്ള പദ്ധതികള്‍ക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച് ഗതാഗതം തടസ്സപ്പെട്ട തറയിട്ടാല്‍-പുഴച്ചാല്‍ റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.