പഞ്ചായത്തംഗങ്ങളെ തഴഞ്ഞതില്‍ പ്രതിഷേധം

വേങ്ങര: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിതരണോദ്ഘാടനം നിര്‍വഹിച്ച സ്വകാര്യ ട്രസ്റ്റിന്‍െറ പേരിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണത്തില്‍ നിന്ന് കണ്ണമംഗലത്ത് ലീഗിതര പഞ്ചായത്തംഗങ്ങളെ തഴഞ്ഞതായി പരാതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ചികിത്സാ ചെലവിലേക്കായി 60,000 രൂപ വരെ സഹായം ലഭ്യമാവുന്ന പദ്ധതിയുടെ കാര്‍ഡ് വിതരണം മെംബര്‍മാര്‍ മുഖേന നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനാവശ്യമായ അപേക്ഷ സംബന്ധമായ കാര്യങ്ങളെല്ലാം പഞ്ചായത്തംഗങ്ങള്‍ മുഖേനയാണ് നടത്തിയതത്രെ. കാര്‍ഡ് വിതരണത്തിനായി വിളിച്ചുകൂട്ടിയ യോഗത്തില്‍ വിതരണം ചെയ്യുന്നതിനായി കാര്‍ഡുകള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ പഞ്ചായത്തംഗങ്ങള്‍ മുഖേന കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഗുണഭോക്താക്കളെ വിളിച്ചുകൂട്ടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ലീഗിതര പഞ്ചായത്തംഗങ്ങളുടെ വാര്‍ഡുകളില്‍ മെംബര്‍മാരെ തഴഞ്ഞ് മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് കാര്‍ഡ് വിതരണം ചെയ്തതെന്ന് അംഗങ്ങള്‍ പരാതിപ്പെട്ടു. കുളിപ്പിലാക്കല്‍ പാത്തുമ്മക്കുട്ടി ചാരിറ്റബ്ള്‍ ട്രസ്റ്റാണ് ‘സുരക്ഷാ ആരോഗ്യ ഇന്‍ഷുറന്‍സ്’ എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. കണ്ണമംഗലം പഞ്ചായത്തില്‍ 1760 പേര്‍ക്കാണ് ഇതിന്‍െറ ആനുകൂല്യം ലഭ്യമാവുക. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് മാത്രമാണ് ചികിത്സാ സഹായം ലഭ്യമാവുക. ഇത്തരത്തിലൊരു നിബന്ധന വെച്ചതുകാരണം സ്വകാര്യ ട്രസ്റ്റ് നടപ്പാക്കുന്ന പദ്ധതി, സര്‍ക്കാര്‍ പദ്ധതിയാണെന്ന തെറ്റിദ്ധാരണയും പൊതുജനങ്ങള്‍ക്കിടയിലുണ്ട്. പദ്ധതി തുടങ്ങാനാവശ്യമായ മുഴുവന്‍ നടപടികളും പഞ്ചായത്തംഗങ്ങളെ കൊണ്ട് ചെയ്യിച്ച ശേഷം പാര്‍ട്ടി താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനായി ഭരണകക്ഷി ഇതര അംഗങ്ങളെ നോക്കുകുത്തിയാക്കിയതിനെതിരെ പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധം ശക്തമാണ്. അതേസമയം, മുഴുവന്‍ കാര്‍ഡുകളും ലഭ്യമായിട്ടില്ളെന്നും കിട്ടുന്നമുറക്ക് വിതരണത്തിനായി പഞ്ചായത്തംഗങ്ങളെ ഏല്‍പ്പിക്കുമെന്നും അതിനിടക്ക് വന്ന കാര്‍ഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിതരണം ചെയ്തതാണെന്നും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നെടുമ്പള്ളി സെയ്തു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.