കൗണ്‍സിലര്‍മാരുടെ ബഹിഷ്കരണം: മുനിസിപ്പല്‍ ലീഗ് കമ്മിറ്റിയിലെ ചേരിപ്പോര് മറനീക്കി

തിരൂര്‍: മുനിസിപ്പല്‍ ലീഗ് കമ്മിറ്റിയിലെ ചേരിപ്പോര് മറനീക്കി പുറത്തേക്ക്. കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗം ഒരു വിഭാഗം ലീഗ് കൗണ്‍സിലര്‍മാര്‍ ബഹിഷ്കരിച്ചതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന പ്രശ്നങ്ങളും മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റിന്‍െറ രാജിയും ഒത്തുതീര്‍പ്പിലത്തെിക്കാന്‍ ജില്ലാ നേതൃത്വം തിരക്കിട്ട് ശ്രമിക്കുന്നതിനിടെയാണ് പുതിയ തലവേദന. ബസ്സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ടുണ്ടായ ഗ്രൂപ് പോരാണ് കൗണ്‍സിലര്‍മാരിലേക്ക് പടര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ച കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു വിഭാഗം തയാറെടുത്തിരുന്നു. ഇതു ചോര്‍ന്നതോടെയാണ് ചെയര്‍പേഴ്സന്‍ പെട്ടെന്ന് അവധിയെടുത്തതെന്നാണ് സൂചന. മുനിസിപ്പല്‍ കമ്മിറ്റിയിലെ ചില ഉന്നതരാണ് ചെയര്‍പേഴ്സന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. അതോടെ നീക്കം പാളിയതിനാലാണ് യോഗം മറു വിഭാഗം ബഹിഷ്കരിച്ചത്. കൂടിയാലോചനയില്ലാതെയാണ് നഗരസഭയില്‍ ചെയര്‍പേഴ്സനുള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന വ്യാപക പരാതി കുറച്ചു കാലമായി പാര്‍ട്ടിയിലുണ്ട്. പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെ അവഗണിക്കുന്നതായും ചിലര്‍ അധികാരം നിയന്ത്രിക്കുന്നതായുമാണ് പ്രധാന ആക്ഷേപം. ഇത് മൂര്‍ച്ഛിച്ച് നില്‍ക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തലപൊക്കിയത്. രണ്ടര വര്‍ഷത്തിലേറെയായി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുനിസിപ്പല്‍ കമ്മിറ്റിയിലെ ചില ഭാരവാഹികള്‍ രാജി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പ്രാദേശിക നേതൃത്വത്തിലെ പ്രമുഖരുമായി ജില്ലാ നേതൃത്വം ഒറ്റക്ക് കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനിടെയാണ് പ്രസിഡന്‍റ് രാജി നല്‍കിയത്. കൗണ്‍സില്‍ ബഹിഷ്കരണം ഇതിന് മൂര്‍ച്ച കൂട്ടി. പാര്‍ട്ടിക്കകത്തും കൗണ്‍സില്‍ തലപ്പത്തും ചില അഴിച്ചുപണികളുണ്ടാകുമെന്ന് സൂചനയുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്നവര്‍ ജില്ലാ നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ച പ്രധാന ആവശ്യം ഇതാണ്. ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാനായില്ളെങ്കില്‍ കൂടുതല്‍ പൊട്ടിത്തെറികളുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.