തിരൂര്‍: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഇനി സ്മാര്‍ട്ട്. വൈ-ഫൈ, സുരക്ഷാ കാമറ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്റ്റാന്‍ഡ് വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. വൈ-ഫൈ സൗകര്യമുള്ള ജില്ലയിലെ ആദ്യ ബസ് സ്റ്റാന്‍ഡെന്ന ഖ്യാതി ഇനി തിരൂരിന് സ്വന്തം. വൈകീട്ട് നാലിന് ബസ് സ്റ്റാന്‍ഡിനകത്താണ് ഉദ്ഘാടന പരിപാടി. കൂറ്റന്‍ വേദിയാണ് ഇതിന് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സമര്‍പ്പണം നിര്‍വഹിക്കുക. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ആഘോഷ പൂര്‍വമുള്ള പരിപാടികളാണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംഗീത സന്ധ്യയും അരങ്ങേറും. 1.28 കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണത്തിന് ജൂണ്‍ 19നായിരുന്നു നഗരസഭ തുടക്കമിട്ടത്. സ്റ്റാന്‍ഡിന്‍െറ പ്രവേശ കവാടത്തില്‍ മുതല്‍ യാത്രക്കാരുടെ കേന്ദ്രങ്ങളില്‍ വരെ സുരക്ഷാ കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിനകത്ത് യാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനാകും. ഇന്‍റര്‍ ലോക്ക് കട്ടകള്‍ പതിച്ച് സ്റ്റാന്‍ഡിന്‍െറ ഉപരിതലം മികച്ചതാക്കി. നഗരസഭാധ്യക്ഷ കെ. സഫിയ ടീച്ചര്‍, വൈസ്ചെയര്‍മാന്‍ പി. രാമന്‍കുട്ടി, മുനിസിപ്പല്‍ എന്‍ജിനീയര്‍ സി.എം. സജീന്ദ്രന്‍ തുടങ്ങിയവര്‍ എല്ലാ ദിവസവും സ്റ്റാന്‍ഡിലത്തെി പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു. ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെങ്കിലും വെള്ളിയാഴ്ച മുതലാണ് ബസുകള്‍ക്ക് പ്രവേശം അനുവദിക്കുക. സ്റ്റാന്‍ഡിനകത്ത് ബുധനാഴ്ച രാത്രിയോടെ അവസാനവട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായി. സ്റ്റാന്‍ഡ് മുഴുവന്‍ ബഹുവര്‍ണ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഓണാഘോഷത്തിനൊപ്പം സ്റ്റാന്‍ഡ് സമര്‍പ്പണവും ആഘോഷപൂര്‍വമാക്കാന്‍ തിരൂര്‍ ഒരുങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.