കരിപ്പൂര്‍ വിമാനത്താവള വികസനം: ഏറ്റെടുക്കുക പറഞ്ഞതിലുമധികം ഭൂമി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് നേരത്തേ പറഞ്ഞതിലുമധികം ഭൂമിയേറ്റെടുക്കുമെന്ന് രേഖകള്‍. സ്പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് നേരത്തേ പറഞ്ഞതിലുമധികം ഭൂമിയേറ്റെടുക്കുമെന്ന് പറയുന്നത്. നേരത്തേ 350ഓളം ഏക്കര്‍ സ്ഥലം മതിയെന്നായിരുന്നു അധികൃതര്‍ വാക്കാല്‍ പറഞ്ഞിരുന്നത്. ഇതില്‍ 137 ഏക്കര്‍ പള്ളിക്കല്‍ പഞ്ചായത്തില്‍നിന്ന് മാത്രമാണ് ഏറ്റെടുക്കുന്നത്. എന്നാല്‍, 137ന് ഏക്കറിന് പുറമെ വീണ്ടും പള്ളിക്കലില്‍നിന്ന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായി വിവരാവകാശ രേഖയില്‍ പറയുന്നു. പള്ളിക്കലിലെ ഇപ്പോള്‍ പറയുന്ന 137 ഏക്കറിന് പുറമെ പള്ളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകളില്‍ നിന്നായി 328 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും. പള്ളിക്കലില്‍ തന്നെ മറ്റൊരു 20 ഏക്കര്‍ പുനരധിവാസത്തിനും ഏറ്റെടുക്കുന്നുണ്ട്. ആകെ 485 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടതെന്നാണ് സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസില്‍നിന്ന് ലഭിച്ച മറുപടി. ഇതില്‍ 100.27 ഏക്കര്‍ സ്ഥലം ഇരകളെ പുനരധിവസിപ്പിക്കാനെന്ന പേരിലാണ് ഏറ്റെടുക്കുന്നത്. എന്നാല്‍, കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന ചര്‍ച്ചയിലോ കോഴിക്കോട്ട് നടന്ന ചര്‍ച്ചയിലോ പുനരധിവാസത്തെക്കുറിച്ച് അധികൃതര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. പള്ളിക്കല്‍ പഞ്ചായത്തില്‍ 157 ഏക്കര്‍ ഏറ്റെടുക്കാന്‍ 2010 ആഗസ്റ്റിലാണ് ഉത്തരവിറക്കിയത്. 2011 ജനുവരിയില്‍ ഇതിന് ഭരണാനുമതിയും ലഭിച്ചു. ഇത്രയും കാലമായിട്ടും പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതും 157 ഏക്കറിന് പുറമെ വീണ്ടും പള്ളിക്കല്‍ പഞ്ചായത്തില്‍നിന്ന് ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാറിലേക്ക് പ്രപ്പോസല്‍ അയച്ചതും ഇരകളെ അറിയിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.