ഇ ടോയ്ലറ്റുകള്‍ക്ക് പകരം ‘നമ്മ’ ടോയ്ലറ്റുകള്‍ അനുയോജ്യമെന്ന്

പെരിന്തല്‍മണ്ണ: ഇതിനകം പലേടങ്ങളിലും സ്ഥാപിച്ച ഇ ടോയ്ലറ്റുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിച്ച് വിജയം വരിച്ച ‘നമ്മ’ ടോയ്ലറ്റുകള്‍ പെരിന്തല്‍മണ്ണ നഗരസഭയിലും പരീക്ഷിക്കാവുന്നതാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം. പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ ചെലവില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്്. ഇതനുസരിച്ച് ഇ ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ സന്നദ്ധമാണെന്ന് കാണിച്ച് ഇറാം സയന്‍റിഫിക്ക് സൊല്യൂഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. ടോയിലറ്റുകള്‍ സ്ഥാപിക്കാന്‍ നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ചവന്നപ്പോഴാണ് നമ്മ ടോയ്ലറ്റുകളെക്കുറിച്ച് വൈസ് ചെയര്‍മാന്‍െറ സൂചന. ജില്ലക്കകത്തും മറ്റുജില്ലകളിലും സ്ഥാപിച്ച ടോയ്ലറ്റുകളില്‍ പലതും അതിവേഗം ഉപയോഗ ശൂന്യമായെന്നും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച ഇ ടോയ്ലറ്റ് രണ്ട് വര്‍ഷമായി ഉപയോഗിക്കാനാവില്ളെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടില്‍ നമ്മ ടോയ്ലറ്റുകള്‍ വിതരണം ചെയ്തത് മഹാരാഷ്ട്ര കമ്പനിയാണ്. അവരില്‍നിന്ന് നേരിട്ട് വാങ്ങാന്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. തടസ്സം നീക്കാനുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ ടോയ്ലറ്റുകളാണ് ആവശ്യം. നഗരത്തില്‍ ടാക്സി സ്റ്റാന്‍ഡ്, മുനിസിപ്പല്‍ ഓഫിസിനടുത്ത് ബസ്കാത്ത് നില്‍പ് ഭാഗം, ഊട്ടിറോഡില്‍ കെ.എസ്.ഇ.ബി ഓഫിസ് പരിസരം, ഹൈ-ടെക് കോംപ്ളക്സിന് സമീപം എന്നിവിടങ്ങളിലാണ് ടോയ്ലറ്റുകള്‍ അടിയന്തരമായി സ്ഥാപിക്കേണ്ടതെന്നും വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.