പെണ്‍കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് ഹോം ; കോട്ടക്കലില്‍ സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കും

കോട്ടക്കല്‍: ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ചില്‍ഡ്രന്‍സ് ഹോം കോട്ടക്കല്‍ നഗരസഭയുടെ കീഴില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കോട്ടക്കല്‍ നഗരസഭാധ്യക്ഷ ടി.വി. സുലൈഖാബി. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ (ഡി.സി.പി.യു) നഗരസഭയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെയും ഗുണഭോക്താക്കളുടെയും പ്രത്യേക യോഗത്തിലാണ് തീരുമാനം. ചില്‍ഡ്രന്‍സ് ഹോമിന് സ്ഥലം വിട്ടുനല്‍കാനും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും യോഗത്തില്‍ ധാരണയായി. നഗരസഭ വിട്ടു നല്‍കുന്ന സ്ഥലത്ത് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ഇന്‍റഗ്രേറ്റഡ് പ്രോട്ടക്ഷന്‍ സ്കീം(ഐ.സി.പി.എസ്) ബില്‍ഡിങ് തുടങ്ങുന്നതിനാവശ്യമായ 99,35,000 രൂപയും നടത്തിപ്പിനായി ഓരോ വര്‍ഷവും 30,50,000 രൂപയും അനുവദിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍ അറിയിച്ചു. നഗരസഭയുടെ പാലൂട്ടല്‍ കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായുള്ള അമ്മത്തൊട്ടില്‍ (ഡ്രോപ് ഇന്‍) സെന്‍റര്‍ ആക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടക്കല്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി. മൂസക്കുട്ടി ഹാജി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ക്ക് സംരക്ഷണ കേന്ദ്രമായിട്ടാണ് അമ്മത്തൊട്ടില്‍ പ്രവര്‍ത്തിക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താനും സ്ംശയാസ്പദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍, വാടകക്കെട്ടിടങ്ങള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു. ബാലവിവാഹങ്ങള്‍ തടയുന്നതിനാവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ ധാരണയായി. കോട്ടക്കല്‍ നഗരസഭാധ്യക്ഷ ടി.വി. സുലൈഖാബി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കഴുങ്ങില്‍ സുലൈഖ, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ തൈക്കാടന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. ഹാരിസ് പഞ്ചിളി, എം. മണികണ്ഠന്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കെ.പി. ഷാജി, ഡി.വൈ.എസ്.പി. അഡ്മിനിസ്ട്രേഷന്‍ എന്‍.വി. അബ്ദുള്‍ ഖാദര്‍, പി. മുഹമ്മദ് ഫസല്‍, മുഹമ്മദ് സാലിഹ്, തിരൂര്‍ സി.ഐ മുഹമ്മദ് ഹനീഫ, കോട്ടക്കല്‍ എസ്.ഐ മഞ്ജിത് ലാല്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.