മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രതിസന്ധിപരിഹരിക്കാന്‍ ആരോഗ്യ ഡയറക്ടറേറ്റിന്‍െറയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍െറയും സ്ഥാപനങ്ങള്‍ രണ്ടാക്കണമെന്ന് ആശുപത്രി എച്ച്.എം.സി ജനറല്‍ബോഡിയില്‍ ആവശ്യം. നിലവില്‍ ആരോഗ്യ ഡയറക്ടറേറ്റിന്‍െറ സ്റ്റാഫ് പാറ്റേണ്‍പോലും ഇവിടെയില്ല. മതിയായ നഴ്സിങ് ജീവനക്കാരുമില്ല. ആശുപത്രി വികസന ഫണ്ടില്‍നിന്ന് പണം ചെലവഴിച്ച് നിയമിക്കുന്നതിന് പരിധി വേണമെന്നും ജനറല്‍ബോഡി അംഗങ്ങളായ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 198 സ്റ്റാഫ് നഴ്സുമാര്‍ വേണ്ടിടത്ത് 115 പേരാണ് ജനറല്‍ ആശുപത്രി തസ്തികക്രമത്തിലുള്ളത്. മറ്റ് മെഡിക്കല്‍ കോളജുകളിലെ തസ്തികക്രമം മഞ്ചേരിയിലും നടപ്പാക്കണമെന്നും അതിന് മെഡിക്കല്‍ കോളജിനെയും ജനറല്‍ ആശുപത്രിയെയും രണ്ടാക്കണമെന്നും ആവശ്യമുയര്‍ന്നു. ജനറല്‍ബോഡി അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യം തന്നെയാണ് നടപ്പാകേണ്ടതെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി.പി. ശശിധരനും പറഞ്ഞു. ജനറല്‍ ആശുപത്രിയായിരുന്ന ഘട്ടത്തില്‍ ലഭിച്ചിരുന്ന ചികിത്സ നിലവില്‍ ലഭിക്കുന്നില്ളെന്നും പ്രസവനിരക്ക് മുമ്പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും അഡ്വ. പി.എം. സഫറുല്ല ചൂണ്ടിക്കാട്ടി. ചെരണിയില്‍ പുതിയ ജനറല്‍ ആശുപത്രി സ്ഥാപിക്കാന്‍ എട്ടുകോടി രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കുന്നുണ്ടെന്നും വാടക കെട്ടിടത്തില്‍ ആശുപത്രി മുന്നോട്ടുകൊണ്ടുപോകാനാവില്ളെന്നും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് പൊതുമരാമത്ത്, ജല അതോറിറ്റി എന്നിവയുടെ എന്‍ജിനീയറിങ് വിഭാഗം ആരംഭിക്കാന്‍ സര്‍ക്കാറിലേക്ക് ആവശ്യപ്പെടും. മെഡിക്കല്‍ കോളജ് ഓഫിസ് വിഭാഗത്തില്‍ രണ്ട് ക്ളറിക്കല്‍ ജീവനക്കാരെ നിയമിക്കും. നഗരസഭാ അധ്യക്ഷനെ ജനറല്‍ബോഡി അംഗമാക്കാത്തതില്‍ യോഗം എതിര്‍പ്പറിയിച്ചു. എ.ഡി.എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.പി. ഫിറോസ്, അഡ്വ. ഐ.ടി. നജീബ്, പി. ബാബുരാജ്, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, കണ്ണിയന്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.