നിരാഹാര സമരം : വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി

വൈലത്തൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിരാഹാര സമരം നടത്തിയ വിദ്യാര്‍ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പൊലീസ് തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും ഷഹല്‍ സമരം തുടരുകയാണ്. പൊലീസ് ബലം പ്രയോഗിച്ച് വിദ്യാര്‍ഥിയെ മാറ്റാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തിനിടയാക്കി. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരെ നിയമിക്കാത്തതിലും അടിസ്ഥാന സൗകര്യം ഒരുക്കാത്തതിലും പ്രതിഷേധിച്ച് പ്ളസ് വണ്‍ വിദ്യാര്‍ഥി കെ. ഷഹലാണ് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. വിവരമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്തും അംഗം അഡ്വ. കൊരമ്പയില്‍ നജ്മല്‍ ബാബുവും ചൊവ്വാഴ്ച ഉച്ചക്ക് സ്കൂളിലത്തെി ഷഹലിനെ സന്ദര്‍ശിച്ചു. ആരോഗ്യനില മോശമായ വിദ്യാര്‍ഥിയെ ചൈല്‍ഡ് ലൈന്‍ കമ്മിറ്റി ഏറ്റെടുക്കുകയും ആവശ്യമായ ചികിത്സ നല്‍കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കല്‍പകഞ്ചേരി എസ്.ഐ വിനോദിന്‍െറ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ കയറ്റികൊണ്ടുപോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടയുകയുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റി യോഗം നടക്കുന്നുണ്ടെന്നും ഇത് അവസാനിച്ച ശേഷം വിദ്യാര്‍ഥിയെ മാറ്റാമെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, യോഗം തീരാന്‍ കാത്തുനില്‍ക്കാതെ പൊലീസ് കുട്ടിയെ മാറ്റിയതോടെയാണ് നാട്ടുകാര്‍ ക്ഷുഭിതരായത്. ഒടുവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശം എസ്.ഐ വായിച്ചതോടെയാണ് വിദ്യാര്‍ഥിയെ കൊണ്ടുപോകാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. ഷഹലിന് പിന്തുണ പ്രഖ്യാപിച്ച് ചൊവ്വാഴ്ച രാവിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. ഉച്ചക്ക് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൊലീസത്തെി നാട്ടുകാരെ നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. തിരൂര്‍-മലപ്പുറം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കെ.ടി. ജലീല്‍ എം.എല്‍.എ അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വിദ്യാര്‍ഥിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. സമരത്തിന്‍െറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ആര്‍. കോമുകുട്ടി, ശൈഖ് മുഹ്യദ്ദീന്‍, പി.പി. സജീഷ്കുമാര്‍, കുണ്ടില്‍ അയ്യൂബ്, ആര്‍. അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍.ആര്‍. ബാവു (ചെയര്‍), കെ. പ്രജീഷ് (കണ്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.