സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇനി കടലാസ് രഹിതം

മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കടലാസ് രഹിതമായി നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. നീലകണ്ഠന്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. മൈലീഡര്‍ എന്ന ഓഫ്ലൈന്‍ വെബ് ആപ്ളിക്കേഷന്‍ ഉപയോഗിച്ചാണ് ഇത്തവണ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തുക. 
ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ജില്ലയിലെ നാല് ഡി.ഇ.ഒ മാര്‍ക്കും 17 എ.ഇ.ഒ മാര്‍ക്കും നല്‍കി. ലിങ്ക് ലഭിക്കാത്ത സ്കൂളുകള്‍ ഐ.ടി അറ്റ് സ്കൂളുമായി ബന്ധപ്പെടുകയോ www.webloud.in/myleader സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ വേണമെന്ന് ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോഓഡിനേറ്റര്‍ ഹബീബ്റഹ്മാന്‍ പുല്‍പാടന്‍ അറിയിച്ചു. മൈലീഡര്‍ സോഫ്റ്റ്വെയറില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പാസ്വേഡ് ഉപയോഗിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകില്ളെന്നതും എല്ലാ ഓപറേറ്റിങ് സിസ്റ്റത്തിലും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന ലേഒൗട്ടില്‍ തയാറാക്കിയ മൈലീഡര്‍ യൂസര്‍ ഫ്രണ്ട്ലിയാണ്. സ്ഥാനാര്‍ഥികളെ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യാനാകും. സ്ഥാനാര്‍ഥികളുടെ ചിത്രമോ ചിത്രത്തിന് പകരം ചിഹ്നമോ ഉള്‍പ്പെടുത്താം. നോട്ട ഉള്‍പ്പെടുത്തണമെങ്കില്‍ nota.jpg എന്ന ചിത്രം ഉപയോഗിക്കാം. വോട്ടിങ് ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ‘ബീപ്’ ശബ്ദം പുറപ്പെടുവിക്കും. കുട്ടികളുടെ മുന്നില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്യിക്കാനും ആ വോട്ട് ക്ളിയര്‍ ചെയ്യാനുമുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിങ് രണ്ട് ക്ളിക്കില്‍ ഒതുങ്ങുന്നു. ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാം. ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ. ഒരാള്‍ രണ്ട് വോട്ട് ചെയ്യുന്നത് തടയാനാണ് ഈ സജ്ജീകരണം. വോട്ടെണ്ണലും വളരെ ലളിതമാണ്. എണ്ണിക്കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളെ കിട്ടിയ വോട്ടിന്‍െറ അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നു. വേണമെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ കൊണ്ടുതന്നെ സ്കൂളിലെ മുഴുവന്‍ ക്ളാസിലെയും തെരഞ്ഞെടുപ്പ് നടത്താം. ഒരു സമയം ഒരു ക്ളാസിലെ തെരഞ്ഞെടുപ്പ് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂവെങ്കിലും പല ക്ളാസുകളുടെയും ഫലം അടക്കമുള്ള വിവരങ്ങള്‍ സ്റ്റോര്‍ ചെയ്യാനാകും. അത്യാവശ്യമുള്ള ഫീച്ചേഴ്സ് മാത്രം ഉള്‍പ്പെടുത്തിയത് കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കാനുമാവും. മഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കെ. ഷമീല്‍, കോട്ടയം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എച്ച്.എസ്.എസിലെ പ്ളസ് ടു കോമേഴ്സ് വിദ്യാര്‍ഥി ബി. അഭിജിത്ത്, ഇതേ സ്കൂളിലെ പ്ളസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി റിയോണ്‍ സജി എന്നിവര്‍ ചേര്‍ന്നാണ് മൈലീഡര്‍ സോഫ്റ്റ്വെയര്‍ രൂപപ്പെടുത്തിയത്. 2014ല്‍ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തില്‍ ഐ.ടി മേളയില്‍ വെച്ച് പരിചയപ്പെട്ട ഇവര്‍ വെബ് ലൗഡ് എന്ന കമ്പനിയുണ്ടാക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒട്ടേറെ വെബ്സൈറ്റുകള്‍ നിര്‍മിച്ചു നല്‍കിയ വെബ് ലൗഡ് ഫ്രീ സോഫ്റ്റ് വെയറുകളും പുറത്തിറക്കിയിട്ടുണ്ട്. വിദേശത്തുള്ള ഐ.ടി കമ്പനികളുമായും ബന്ധം സ്ഥാപിച്ച മൂവര്‍ സംഘം പഠനത്തിനിടയിലും വെബ്സൈറ്റ് നിര്‍മാണത്തില്‍ സജീവമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.