ജില്ലാ സഹകരണ ബാങ്കിലെ പണയത്തട്ടിപ്പ് : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

കുറ്റിപ്പുറം: ജില്ലാ സഹകരണ ബാങ്ക് കുറ്റിപ്പുറം ശാഖയില്‍ നിന്ന് ഒന്നര കോടി തട്ടിയെടുത്ത സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് കുറ്റിപ്പുറം യൂനിറ്റ് ആഭ്യന്തര മന്ത്രിക്ക്നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവ്. ബാങ്ക് മുന്‍ മാനേജര്‍ കിഷോര്‍ മരിക്കാനിടയായ സംഭവം അന്വേഷിക്കുക, സാമ്പത്തിക തട്ടിപ്പിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. പ്രതികളെ സംരക്ഷിക്കുന്ന തരത്തില്‍ കുറ്റിപ്പുറത്ത് നിന്നുള്ള ഇടപെടലുകളുണ്ടായെന്നും തൂങ്ങി മരിച്ച കിഷോറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രതിയെ പരിചയപ്പെടുത്തിയയാള്‍ കേസായപ്പോള്‍ കിഷോറിനെതിരെ തിരിഞ്ഞെന്നും ആരോപണമുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും കേസന്വേഷിക്കുക. മുക്ക് പണ്ടം പണയം വെച്ച പ്രധാന പ്രതി കുറ്റിപ്പുറം സ്വദേശി എടശേരി വിനോദ് കുമാര്‍, സഹായി രാജേഷ്, സ്വര്‍ണം നല്‍കിയ കോയമ്പത്തൂര്‍ സ്വദേശി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ കുറ്റിപ്പുറത്തുള്ള വട്ടിപ്പലിശക്കാരും മുക്കു പണ്ട വിഷയത്തില്‍ പ്രതികളാണെന്ന ആക്ഷേപമുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തത്തെിയിരുന്നു. കേസന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതോടെ കേസില്‍ പങ്കുള്ള കൂടുതല്‍ പ്രതികള്‍ അകത്താകുമെന്ന് സൂചനയുണ്ട്. തൂങ്ങി മരിച്ച മാനേജര്‍ കിഷോറിന്‍െറ മൊബൈല്‍ ഫോണ്‍ നേരത്തെ കാണാതായതായി ആക്ഷേമുണ്ടായിരുന്നു. കിഷോറിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നെന്നും ഇതിലുള്ള മനോവിഷമത്താലാണ് മരിച്ചതെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.