കാടാമ്പുഴയില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം; എ.എസ്.ഐക്ക് പരിക്ക്

കാടാമ്പുഴ: തിരുനാവായ കുടിവെള്ള പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കാടാമ്പുഴ എ.എസ്.ഐ പി. സദാനന്ദന് പരിക്കേറ്റു. നെറ്റിയില്‍ മുറിവേറ്റ ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സംഭവത്തില്‍ പൊലീസിന്‍െറ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചതിനും കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തതായി വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സി.പി.എം നടത്തിയ പ്രകടനത്തിലേക്ക് മുസ്ലിം ലീഗിന്‍െറ പ്രചാരണ വാഹനം എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കുന്നതിനിടയിലായിരുന്നു മരക്കഷണം കൊണ്ട് ഏറ് കിട്ടിയത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഹര്‍ത്താല്‍ കാടാമ്പുഴയില്‍ ഭാഗികമായിരുന്നു. ക്ഷേത്രത്തിലേക്ക് എത്തിയവരെ ഹര്‍ത്താല്‍ ബാധിച്ചു. അതേസമയം, മാറാക്കര പഞ്ചായത്ത് ഭരണ സമിതി ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നടക്കാത്ത പദ്ധതി ഭരണസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നെന്നാണ് ആരോപണം. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പോലും അറിയാതെയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയതെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിച്ചു. ശുദ്ധജല പദ്ധതി മാറാക്കരയില്‍ പൂര്‍ത്തിയാക്കാത്തതിനെതിരെ കോണ്‍ഗ്രസ് വ്യാഴാഴ്ച കരിദിനം ആചരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.