ലഹരി വിമുക്ത പെരുവള്ളൂര്‍ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും

തേഞ്ഞിപ്പലം: ലഹരി വിമുക്ത പെരുവള്ളൂര്‍ പ്രഖ്യാപനം ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് പറമ്പില്‍ പീടികയില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പഞ്ചായത്തിലെ പല പ്രദേശങ്ങളും വാറ്റ് ചാരായത്തിന്‍െറ ഉല്‍പാദന കേന്ദ്രങ്ങളായിരുന്നു. പൊതുജനങ്ങളെ സംഘടിപ്പിച്ച് നടത്തിയ ശക്തമായ പ്രവര്‍ത്തനത്തിലൂടെയാണ് പരി പൂര്‍ണമായും വാറ്റ് ഇല്ലാതാക്കാന്‍ സാധിച്ചത്. 2014 ഗാന്ധി ജയന്തി ദിനത്തില്‍ എടുത്ത തീരുമാന പ്രകാരം ഓരോ വാര്‍ഡിലും അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തല കമ്മിറ്റിയും പത്തില്‍ കുറയാത്ത സ്ക്വാഡുകളും 15 അംഗങ്ങളെ ഉള്‍പ്പെടുത്തി പഞ്ചായത്തുതല കമ്മിറ്റിയും നിലവില്‍വന്നു. കൂടാതെ ആരാധനാലയങ്ങള്‍, അങ്കണവാടി, സ്കൂള്‍, വ്യാപാര സ്ഥാപനങ്ങള്‍, കുടുംബശ്രീ, ക്ളബുകള്‍, വിദ്യാര്‍ഥി കൂട്ടായ്മ, ആശ വര്‍ക്കര്‍മാര്‍ തുടങ്ങി 11 മേഖലകളില്‍നിന്ന് തെരഞ്ഞെടുത്ത കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണ പരിപാടികള്‍, കവലകള്‍ തോറും യോഗങ്ങള്‍, ലഘുലേഖ വിതരണം, മനുഷ്യച്ചങ്ങല തുടങ്ങി നിരവധി പരിപാടികളാണ് നടത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞാപ്പുട്ടി, മുന്‍ വൈസ് പ്രസിഡന്‍റ് എ.പി. അഷറഫ്, ഗ്രാമപഞ്ചായത്തംഗം ചെമ്പന്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.